കട്ടാങ്ങൽ : നാട്ടുവൈദ്യൻ ഷാബാ ശരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ അബൂദബിയിലെ ബിസിനസ് പങ്കാളിയായിരുന്ന ഈസ്റ്റ് മലയമ്മ കുറുപ്പൻതൊടുകയിൽ ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. 2020 മാർച്ച് അഞ്ചിനാണ് അബൂദബിയിലെ ഫ്ലാറ്റിൽ ഹാരിസിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാബാ ശരീഫ് കൊലപാതകം തെളിഞ്ഞതോടെ ഷൈബിന്റെ നിർദേശപ്രകാരം അബൂദബിയിൽവെച്ച് ഹാരിസിനെയും കൊലചെയ്തതായി പ്രതികൾ സെക്രട്ടേറിയറ്റിനു മുന്നിൽവെച്ച് പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു.
രണ്ടര വർഷം പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികൂടങ്ങളുമാണ് അവശേഷിച്ചിരുന്നത്. പ്രാഥമിക പരിശോധനക്കുശേഷം വിദഗ്ധ പരിശോധനക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി.
മഹല്ല് ഭാരവാഹികൾ, പൊതുപ്രവർത്തകർ, നിലമ്പൂർ ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം, സി.ഐ പി.വിഷ്ണു,തഹസിൽദാർ ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഫോറൻസിക് സർജൻ ഡോ. ലിസ,സയൻറിഫിക് ഓഫിസർ ഡോ.വി.മിനി എന്നിവരാണ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയത്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.വൈകീട്ട് നാലുമണിയോടെ ഈസ്റ്റ് മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
Post a Comment