സംസ്ഥാന സ്കൂൾ കലോത്സവം വീണ്ടും കോഴിക്കോട്ടേക്ക്


കോഴിക്കോട്: കോവിഡ് കാലത്തിനു ശേഷം സ്കൂളുകൾ തുറന്നതോടെ വീണ്ടുമൊരു കലോത്സവകാലം വരികയാണ്. വീണ്ടുമൊരുതവണ കൂടി സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ടേക്ക്. 2019 ഡിസംബർ ഒന്നിന് കാഞ്ഞങ്ങാട്ട് കലോത്സവം കൊടിയിറങ്ങുമ്പോൾ രണ്ടു വർഷത്തെ ഇടവേള വരുമെന്ന് ആരും കരുതിയിരുന്നില്ല. 2023 ജനുവരിയിലാണ് ഈ അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. ഇത്തവണ മുഖ്യവേദി എവിടെയാണെന്ന് അടുത്ത മാസം അന്തിമ തീരുമാനമാവും. സംസ്ഥാന കലോത്സവത്തിന് ആതിഥ്യമേകാനുള്ള ഒരുക്കങ്ങൾക്ക് ഇനി അവശേഷിക്കുന്നത് നാലു മാസം മാത്രമാണ്. അതുകൊണ്ടുതന്നെ ഇനിയുള്ള മാസങ്ങൾ ജില്ലയ്ക്ക്, പ്രത്യേകിച്ച് കോഴിക്കോട് നഗരത്തിന് ഏറെ വിലപ്പെട്ടതാണ്. അത്രയേറെ പ്രതിസന്ധികളാണ് തരണം ചെയ്യാനുള്ളത്.




ജില്ലയിലേക്ക് സ്കൂൾ കലോത്സവം കടന്നുവരുന്നത് എട്ടാംതവണയാണ്. 1957ൽ തുടങ്ങിയ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ഇതുവരെ ഏഴുതവണ ജില്ല വേദിയായി. 1960ലായിരുന്നു ആദ്യമായി കോഴിക്കോട്ടേക്ക് കലാമേള വിരുന്നെത്തിയത്. 76ലും 87ലും പിന്നീട് ജില്ല ആതിഥേയരായി. 1075– 76 അധ്യയനവർഷത്തിൽ കോഴിക്കോട്ടു നടന്ന കലോത്സവത്തിലാണ് കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ വിവിധ മത്സരയിനങ്ങൾ കലോത്സവത്തിന്റെ ഭാഗമായത്.1994ൽ കോഴിക്കോട്ട് വീണ്ടും കലോത്സവമെത്തി. ഈ കലോത്സവത്തിലാണ് മഞ്ജുവാരിയർ കലാതിലകമായത്. ഈ കലോത്സവം വരെ മാനാഞ്ചിറ മൈതാനത്തായിരുന്നു യുവജനോത്സവത്തിന്റെ മുഖ്യവേദി ഒരുക്കിയിരുന്നത്. 

എന്നാൽ, 95ൽ മാനാഞ്ചിറ സ്ക്വയറായി മൈതാനം പുതുക്കിയ ശേഷം 2002ൽ മലബാർ ക്രിസ്ത്യൻ കോളജായിരുന്നു മുഖ്യവേദി.സ്കൂൾ യുവജനോത്സവം പേരുമാറ്റി സ്കൂൾ കലോത്സവമായി മാറിയ ശേഷം 2010ലും കോഴിക്കോട് ആതിഥേയരായി. നവീകരണത്തിനു മുന്നോടിയായി വിട്ടുകൊടുത്ത മാനാഞ്ചിറ സ്ക്വയറിലായിരുന്നു അത്തവണ കലോത്സവം. 2015ൽ അപ്രതീക്ഷിതമായാണ് കോഴിക്കോട്ടേക്ക് കലോത്സവമെത്തിയത്. എറണാകുളത്തിനായിരുന്നു അന്ന് കലോത്സവം അനുവദിച്ചതെങ്കിലും കൊച്ചി മെട്രോയുടെ നിർമാണ ജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അന്ന് നഗരത്തിലും പരിസരത്തുമുള്ള 18 വേദികളിലായാണ് മത്സരങ്ങൾ നടന്നത്

2015 ലെ കലോത്സവത്തിൽനിന്ന് ഏഴു വർഷം പിന്നിടുമ്പോൾ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പത്തിരട്ടിയെങ്കിലും വർധിച്ചിട്ടുണ്ട്. നിലവിൽ‍ നഗരത്തിൽ ഒരിടത്തും പാർക്കിങ്ങ് സൗകര്യമില്ല. ഏതാനും സ്ഥലങ്ങളിലെ പേ ആൻഡ് പാർക്ക് സംവിധാനങ്ങളല്ലാതെ ഒരിടത്തും വാഹനങ്ങൾ നിർത്തിയിടാൻ കഴിയില്ല. നഗരത്തിലേക്കുള്ള വഴികളെല്ലാം രാപകൽ ഗതാഗതക്കുരുക്കിലാണ്. രാമനാട്ടുകര വെങ്ങളം ബൈപ്പാസ് ആറുവരിയാക്കലിന്റെ നിർമാണം നടന്നുവരികയാണ്. തെക്കൻ ജില്ലകളിൽനിന്ന് നഗരത്തിലേക്കുള്ള പ്രവേശനകവാടമായ രാമനാട്ടുകര കടക്കാൻ വാഹനങ്ങൾ പലപ്പോഴും ഒന്നര മണിക്കൂറോളമാണ് എടുക്കുന്നത്. 

ഫറോക്ക് ചുങ്കം മുതൽ ചെറുവണ്ണൂർ  വരെ വാഹനങ്ങളുടെ നീണ്ടനിര മണിക്കൂറുകളോളമാണ് തുടരുന്നത്. നിലവിൽ ബാങ്ക് റോഡിൽ മാവൂർ റോഡ് ജംക്‌ഷൻ മുതൽ മാനാഞ്ചിറ വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. ഗ്യാസ് പൈപ്പ് ലൈൻപദ്ധതിക്കായി നഗരത്തിലെ റോഡുകൾ വെട്ടിപ്പൊളിച്ചതോടെ ഗതാഗതക്കുരുക്ക് കൂടുകയും ചെയ്തു. പാളയത്ത് ജയശ്രീ ബിൽഡിങ്ങിനുമുൻവശത്ത് പകൽ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ഏറെ സമയം നീളുന്നു. നഗരത്തിന്റെ സാംസ്കാരിക  കേന്ദ്രമായ ടൗൺഹാളിലേക്കു വരാനും ഗതാഗതക്കുരുക്കും പാർക്കിങ്ങുമാണ് വെല്ലുവിളി. അടച്ചുമൂടിയ ടഗോർ സെന്റിനറി ഹാളിൽ എയർകണ്ടീഷൻ പണിമുടക്കുന്നതിനാൽ എയർകൂളർ വച്ചാണു പരിപാടി നടത്തുന്നത്.

Post a Comment

Previous Post Next Post
Paris
Paris