ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്നു
മുക്കം: പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ രേഖകൾ നഷ്ടപ്പെടാതെ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ജില്ലയിൽ ഡിജിലോക്കർ സംവിധാനം നടപ്പിലാക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക ദുരിതമുണ്ടാകുന്ന കൊടിയത്തൂർ, കാരശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രളയ ബാധിത പ്രദേശങ്ങളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. ഡിജിലോക്കർ സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കൊടിയത്തൂർ, കാരശേരി ഗ്രാമപഞ്ചായത്തുകളിലെ പ്രളയബാധിത ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം ചേർന്നു.
തോട്ടുമുക്കം ഗവ: യു പി
സ്കൂളിലാണ് യോഗം നടന്നത്. പൗരന്മാർക്ക് തങ്ങളുടെ വ്യക്തിപരമായ രേഖകളും വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും മറ്റും നൽകിയിട്ടുള്ള രേഖകളും ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചുവയ്ക്കാൻ വേണ്ടി ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഐ.ടി മന്ത്രാലയം വിഭാവനം ചെയ്ത സംവിധാനമാണ് ഡിജി ലോക്കർ. കേരളത്തിൽ പ്രളയ സമയത്ത് അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരുന്നു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ ഒരു പരിധി വരെയുള്ള പരിഹാരമാണ് ഡിജിലോക്കർ സംവിധാനം. ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റ് എന്നിങ്ങനെ അനേകം പ്രധാനപ്പെട്ട രേഖകൾ ഡിജിറ്റൽ രൂപത്തിൽ ഡിജിലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാം. ഇതിനു പ്രത്യേക ചാർജുകൾ ഒന്നും തന്നെയില്ല. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ഏത് രേഖകളും ആവശ്യമുള്ളപ്പോൾ ഡിജിറ്റൽ രൂപത്തിൽ പരിശോധന സമയത്തും മറ്റും സമർപ്പിക്കാവുന്നതാണ്. ഐ.ടി ആക്ട് പ്രകാരം അസൽ സർട്ടിഫിക്കറ്റുകളുടെ തുല്യത ഡിജിലോക്കർ സർട്ടിഫിക്കറ്റുകൾക്കും ലഭ്യമാണ്. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഇരു പഞ്ചായത്തുകളിലും ക്യാംപുകൾ നടത്തും.കാരശ്ശേരിയിൽ ഈ മാസം 20നും കൊടിയത്തൂരിൽ 27നുമാണ് ക്യാംപ്.
യോഗത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത്, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി സ്മിത, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ദിവ്യ ഷിബു, കൊടിയത്തൂർ പഞ്ചായത്ത് അംഗം സിജി കുറ്റിക്കൊമ്പിൽ, തഹസിൽദാർ പ്രേം ലാൽ ,
ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എൻ.എം അജിഷ, അക്ഷയ കോഡിനേറ്റർ അഷിത, കൊടിയത്തൂർ വില്ലേജ് ഓഫിസർ സിജു, കുമാരനെല്ലൂർ വില്ലേജ് ഓഫിസർ നജ്മുൽ ഹുദ പങ്കെടുത്തു.
Post a Comment