തിരുവമ്പാടിയുടെ സംഘാടകന് റോട്ടറി ക്ലബ്ബിന്റെ ആദരം


കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തോളമായി തിരുവമ്പാടി മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ സംഘാടനത്തിൽ മുൻനിരയിലുള്ള അജു എമ്മാനുവലിനെ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായ പൊതുസമ്മേളനത്തിൽ വച്ച് ആദരിച്ചു. 




റോട്ടറി പ്രസിഡണ്ട് അനീഷ് അദ്ധ്യക്ഷത വഹിച്ച യോഗം റോട്ടറി ഡിസ്ട്രിക്ട് പ്രസിഡണ്ട് ഇലക്ട് സേതു ശിവശങ്കർ ഉത്ഘാടനം ചെയ്തു. തോമസ് വലിയപറമ്പൻ ഓണസന്ദേശം നൽകി. പോയ റോട്ടറി വർഷത്തിൽ ഡിസ്ട്രിക്ടിലെ മികച്ച സെക്രട്ടറിയായ ഡോക്ടർ ബെസ്റ്റി ജോസിനുള്ള അവാർഡും ചടങ്ങിൽ വച്ച് നല്‍കി. ദേശീയ അദ്ധ്യാപക ദിനം പ്രമാണിച്ച് ക്ലബ് അംഗങ്ങളായ അദ്ധ്യാപകരെയും പൊന്നാട അണിയിച്ച് ആദരിച്ചു. പി. ടി. ഹാരിസ്, ലിനു സെബാസ്റ്റിൻ, നിധിൻ ജോയി, അനിൽ, സിന്ധു സേതു, ഡോ. സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. 

മലയോര മഹോത്സവം, ചക്ക മഹോത്സവം, മലബാർ ഫെസ്റ്റിവൽ, പുസ്തകോത്സവങ്ങൾ തുടങ്ങിയവയുടെ മുഖ്യ സംഘാടകനാണ് അജു എമ്മാനുവൽ. കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് അടക്കമുള്ള വിവിധ കായിക പ്രോഗ്രാമുകളുടെ സംഘാടനത്തിലും പങ്കുവഹിക്കുന്നു. കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനുള്ളിൽ തിരുവമ്പാടി മേഖലയിലെ വിവിധ ദിനാചരണങ്ങളുടെയും അനുമോദന, അനുസ്മരണ സമ്മേളനങ്ങളുടെയും സംഗീത സന്ധ്യകളുടെയും സംഘാടനത്തിൽ മുഖ്യ പങ്ക് വഹിച്ചു വരുന്നു. തിരുവമ്പാടിയിലെ വിവിധ ക്ലബ്ബുകളെയും രാഷ്ട്രീയ/കലാ/സാംസ്കാരിക/കായിക സംഘടനകളെയും പരസ്പരം ബന്ധിപ്പിച്ചും സഹകരിപ്പിച്ചും നിരവധിയായ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ പ്രദേശത്തിന്റെ തന്നെ ഏകതക്ക് നല്‍കിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് റോട്ടറി ക്ലബ് അജുവിനെ ആദരിച്ചത്. 

രാവിലെ എട്ട് മണിയോടെ വിവിധ കലാപരിപാടികളോടും മത്സരങ്ങളോടും കൂടി ആരംഭിച്ച ഓണാഘോഷ പരിപാടികൾ ഓണസദ്യയോടുകൂടി പര്യവസാനിച്ചു.

Post a Comment

Previous Post Next Post
Paris
Paris