മുക്കം: സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെടേണ്ടവരല്ല മറിച്ച് ചേർത്ത് പിടിക്കേണ്ടവരാണ് ഭിന്നശേഷിക്കാരെന്ന തിരിച്ചറിവിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലാ കായിക മേള വേറിട്ട അനുഭവമായി മാറി. നാല് ദിവസത്തെ ഓണാഘോഷ പരിപാടിയിൽ ഒരു ദിവസം പൂർണ്ണമായും ഭിന്നശേഷിക്കാർക്കായി മാറ്റിവെക്കുകയായിരുന്നു. പന്നിക്കോട് ജിഎൽപി സ്കൂളിൽ നടന്ന കായിക മേളയിലും എ യു പി സ്കൂളിൽ നടന്ന കലാമേളയിലും നൂറോളം വിദ്യാർത്ഥികൾ പങ്കാളികളായി.
മുക്കം റോട്ടറി ക്ലബിൻ്റെ സഹകരണത്തോടെയാണ് പരിപാടികൾ നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ അധ്യക്ഷതയിൽ മുക്കം റോട്ടറി പ്രസിഡൻ്റ് ഡോ. നീന കുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി സെക്രട്ടറി അരുണ അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടു മുറി, എം ടി റിയാസ്, ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, സി ഡി എസ് ചെയർപേഴ്സൺ കെ. ആബിദ,
സി.ഫസൽ ബാബു, ഡോ.സി.ജെ തിലക്, ഉസ്സൻ ഗ്രീൻഗാർഡൻ, സന്ദീപ്, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു.
Post a Comment