കഞ്ചാവ്‌ വിൽപ്പനക്കാരെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു; പിടിയിലായത് ഒരു കുടുംബത്തിലെ മൂന്നുപേർ


പനമരം : പനമരം ചങ്ങാടക്കടവ് ഭാഗത്ത് വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് പൊതികളുമായി ഒരു കുടുംബത്തിലെ മൂന്നുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പച്ചിലക്കാട് കായക്കൽ തസ്‌ലീന (35), മകൻ ഷനുബ് (21), തസ്‌ലീനയുടെ ഭർത്താവ് നിലമ്പൂർ വണ്ടൂർ ചന്തുള്ളി അൽ അമീൻ (30) എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്. ഇവരെ പനമരം പോലീസ് അറസ്റ്റ്ചെയ്തു.




ശനിയാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. വിൽപ്പനനടത്താനായി 13 പൊതികളിലായി സൂക്ഷിച്ച കഞ്ചാവുമായി കാറിലെത്തിയ ഇവരെ സംശയംതോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവും കണ്ടെത്തി. ഇതോടെ നാട്ടുകാർ പനമരം പോലീസിൽ വിവരം അറിയിക്കുകയും പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കാറിൽനിന്ന്‌ ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രദേശത്തെ വിദ്യാർഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽക്കുന്ന സംഘമാണിവരെന്ന് പോലീസ് പറഞ്ഞു.

അടുത്തകാലത്തായാണ് തസ്‌ലീനയും കുടുംബവും പച്ചിലക്കാടിൽ താമസമാക്കിയത്. ജോലിയൊന്നുമില്ലെങ്കിലും ഇവർ നിരന്തരം കാറിൽ സഞ്ചരിക്കുന്നത് നാട്ടുകാരിൽ സംശയത്തിന് ഇടയാക്കിയിരുന്നു. ലഹരിവിൽപ്പനയുണ്ടെന്ന് സംശയം തോന്നിയതോടെയാണ് നാട്ടുകാർ പരിശോധനയ്ക്ക് മുതിർന്നത്.

Post a Comment

Previous Post Next Post
Paris
Paris