സംസ്ഥാനത്തെ 50 പാലങ്ങൾ സൗന്ദര്യവത്കരിക്കും -മന്ത്രി മുഹമ്മദ് റിയാസ്


കോഴിക്കോട്: സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 പാലങ്ങൾ സ്ഥിരതയുറപ്പാക്കി 2023-ഓടെ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കല്ലായിപ്പാലത്തിന്റെ കൈവരി തകർന്നത് പരിശോധിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി അഹമ്മദ് ദേവർകോവിലും ഒപ്പമുണ്ടായിരുന്നു.




പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ-സ്വകാര്യ-തദ്ദേശസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് സൗന്ദര്യവത്കരണം ഉറപ്പാക്കുക. മെച്ചപ്പെടുത്തുന്ന 50 പാലങ്ങളിൽ കല്ലായിപ്പാലവും ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ഫറോക്ക് പാലത്തിൽ നവീകരണം നടത്തിയപ്പോൾ ആളുകൾ അവിടെ സന്ദർശിക്കാനും സെൽഫിയെടുക്കാനും തുടങ്ങി. പാലങ്ങൾ പെയിന്റടിച്ച്, ലൈറ്റ് വെച്ച് ജനങ്ങളെ ആകർഷിക്കുന്നരീതിയിൽ മനോഹരമാക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നത്. കോഴിക്കോട്ടെ സി.എച്ച്. മേൽപ്പാലം, എ.കെ.ജി. ഫ്ലൈഓവർ, പന്നിയങ്കര മേൽപ്പാലം, തലശ്ശേരി മൊയ്തുപ്പാലം തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമാകും.

കല്ലായിപ്പാലത്തിന്റെ തകർന്ന കൈവരി അടിയന്തരമായി നന്നാക്കാൻ നടപടിയെടുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. പാലത്തിന്റെ കൈവരി കാലങ്ങളായി തകർന്നുകിടക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർ എം.സി. സുധാമണിയും അപകടാവസ്ഥയെക്കുറിച്ച് ശ്രദ്ധക്ഷണിച്ചിരുന്നു. തുടർന്നാണ്‌ മന്ത്രിയും ഉദ്യോഗസ്ഥരുമുൾപ്പെട്ട സംഘം എത്തിയത്. ദേശീയപാത എക്സി. എൻജിനിയർ കെ. വിനയരാജ്, അസി.എക്സി. എൻജിനിയർ അബ്ദുൾ ഗഫൂർ, അസി. എൻജിനിയർ ആർ. റീന, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് തുടങ്ങിയവരും ഒപ്പമുണ്ടായി. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിക്ക് നിവേദനം നൽകി.
   

Post a Comment

Previous Post Next Post
Paris
Paris