പുള്ളാവൂർ: മെസ്സി, നെയ്മർ കട്ടൗട്ടുകളിലൂടെ ലോക ശ്രദ്ധ നേടിയ പുള്ളാവൂർ ചെറുപുഴയിൽ മൂന്നാമത്തെ കട്ടൗട്ടും ഉയർന്നു. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ടാണ് ഞായറാഴ്ച രാത്രിയോടെ ആരാധകർ ഉയർത്തിയത്. ക്രിസ്റ്റ്യാനോ ഇല്ലാതെ ലോകകപ്പ് ആവേശം പൂർണമാകില്ലെന്നാണ് പോർച്ചുഗീസ് ആരാധകരുടെ പക്ഷം. വിവാദങ്ങൾക്കിടെയാണ് മൂന്നാമത്തെ കട്ടൗട്ടും ഉയർന്നിരിക്കുന്നത്. പുതിയ കട്ടൗട്ട് ഉയർന്നതോടെ പി.ടി.എ റഹീം എം.എൽ.എ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ''മൂന്നാമനും ഇറങ്ങി...നമ്മുടെ പുള്ളാവൂർ. മീനുകളൊക്കെ ആ സൈഡിലൂടെ നിന്തേണ്ടതാണ്'' എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച് സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓൺലൈനിൽ പരാതി നൽകിയതോടെ കട്ടൗട്ടുകൾ മാറ്റാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ ഫാൻസിന് നിർദേശം നൽകിയിരുന്നു.
ഇതിനെതിരെ എം.എൽ.എ നേരത്തെ രംഗത്തുവന്നിരുന്നു. കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് ഫേസ്ബുക്കിൽ കുറിച്ച അദ്ദേഹം, ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മർക്കും ഫുട്ബാൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണെന്നും പ്രതികരിച്ചിരുന്നു.
അതേസമയം, കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ രംഗത്തെത്തി. ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകർ.
പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച് കൊടുവള്ളി നഗരസഭ ചെയർമാനും രംഗത്തെത്തിയിരുന്നു. ഫുട്ബാൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഫുട്ബാൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment