കോഴിക്കോട് ചത്ത കോഴി വിൽപന : 80 കിലോ പിടികൂടി


കോഴിക്കോട് : നഗരത്തിലെ ചത്ത കോഴി വിൽപ്പന ഒടുവിൽ പൊക്കി. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ സി.പി.ആ‌‌ർ ചിക്കൻ കടയിൽ നിന്നാണ് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത കോഴികൾ പിടികൂടിയത്. എരഞ്ഞിക്കൽ പുതിയപാലത്തിന് സമീപത്തെ ബി.കെ.എം ചിക്കൻ സ്റ്റാളിൽനിന്ന്‌ 2000 കിലോയോളം ചത്ത കോഴികളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരുടെ തന്നെ നടക്കാവിലെ സ്റ്റാളിൽ നിന്നാണ് ഇന്നലെ വിൽപ്പനയ്ക്ക് വെച്ച ചത്ത കോഴികൾ പിടികൂടിയത്.




നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം, ഭക്ഷ്യ സുരക്ഷാ ഓഫീസർ, വെറ്ററിനറി വിഭാഗം എന്നിവർ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. കടയിൽ ജീവനുള്ള ഒരു കോഴി പോലും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടയുടൻ കടയിലുണ്ടായിരുന്ന രണ്ട് ജോലിക്കാർ ഇറങ്ങിയോടി.ചിക്കൻ മുറിക്കുന്ന മരത്തിൽ ചോരപ്പാടുകൾ കണ്ടെത്തി.പോസ്റ്റുമോർട്ടം ചെയ്ത കോഴികളിൽ ശ്വാസകോശ അണുബാധ കണ്ടെത്തിയിട്ടുണ്ട്.ഭക്ഷ്യ സുരക്ഷാ വിഭാഗം സാമ്പിൾ പരിശോധനയ്ക്കെടുത്തു.കടയുടെ പേര് എടുത്ത് മാറ്റിയനിലയിലായിരുന്നു.അതേസമയം കട ഇന്നലെ തുറന്നില്ലെന്ന് ഉടമയായ സി.പി റഷീദ് പറഞ്ഞു.കോർപ്പറേഷൻ ആരോഗ്യ വിഭാഗം വെള്ളയിൽ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ.കെ, വെറ്ററിനറി ഡോക്ടർ ശ്രീഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീഷ് വി.ജി. കെ.ടി.ഷാജു എന്നിവർപരിശോധനയിൽ പങ്കെടുത്തു.

കോഴിക്ക് 200 രൂപയാണ് മറ്റു കടകളിൽ വിലയെങ്കിൽ 120 രൂപയ്ക്കാണ് ഇവിടെ വിൽപ്പന.ഷവർമക്കും കട്ലറ്റ് ഉണ്ടാക്കുവാനും ഇവിടെ നിന്നാണ് കോഴികളെ കൊണ്ടുപോയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കോഴികളെ ചൂട് കുറവുള്ള സമയത്ത് തീറ്റയും വെള്ളവും കൃത്യമായി നൽകി മാത്രമേ കൊണ്ടുവരാൻ പാടുള്ളു.കൂടുതൽ സമയം വാഹനത്തിൽ കുടുങ്ങിക്കിടന്നതിനാലാണോ കൂട്ടത്തോടെ ചത്തതെന്ന കാര്യത്തിൽ വ്യക്തതവരേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.ചത്ത കോഴികളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post
Paris
Paris