വെസ്റ്റ് കൊടിയത്തൂരുകാരുടെ യാത്ര ദുരിതത്തിന് അറുതിയാവുന്നു; തീരദേശ ഹൈവേ യാഥാർത്ഥ്യത്തി ലേക്ക്, സ്ഥലമേറ്റെടുക്കൽ തുടങ്ങി


മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിന്‍റെ പടിഞ്ഞാറ് പ്രദേശമായ കഴുത്തൂട്ടിപ്പുറായ എന്ന വെസ്റ്റ് കൊടിയത്തൂര്‍  നിവാസികളുടെ യാത്രാ ദുരിതത്തിനും വികസന മുരടിപ്പിനും അറുതിയാവുന്നു.പ്രദേശത്തുകാരുടെ സ്വപ്ന പദ്ധതിയായ തീരദേശ പാത യാഥാർത്ഥ്യമാവാൻ പോവുകയാണ്. ഇതിൻ്റെ ഭാഗമായി കൂളിമാട് കടവ് പാലം മുതൽ പുതിയോട്ടിൽ കടവ് പാലം വരെയുള്ള പുഴയോര ഭൂമി അളന്ന് തിട്ടപ്പെടുത്തി ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കാൻ തുടങ്ങി . 




8 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിനായി സ്വകാര്യ വ്യക്തികളിൽ നിന്നും സ്ഥലം വിട്ടുകിട്ടേണ്ടതും ആവശ്യമായിരുന്നു. വാർഡ് മെമ്പർ എം ടി റിയാസ് ചെയർമാനും വി സി രാജൻ കൺവീനറും കെ ടി അബ്ദുള്ള മാസ്റ്റർ ഖജാഞ്ചിയുമായ വികസന സമിതിയുടെ നേതൃത്വത്തിൽ നിരന്തരം നടന്ന ശ്രമങ്ങളുടെ ഭാഗമായി മുഴുവനാളുകളും റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടു നൽകാനും തയ്യാറായി. ഒന്നര കിലോമീറ്ററിലധികം വരുന്ന തീരദേശ റോഡ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. * സൗജന്യമായി വിട്ടുകിട്ടിയ സ്ഥലങ്ങളുടെ പ്രമാണ കൈമാറ്റ ഉദ്ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ എം.ടി റിയാസ്,കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു,വില്ലേജ് അസിസ്റ്റന്റ് എം കെ ചന്ദ്രൻ,കൺവീനർ വി സി രാജൻ,കെ ഹസ്സൻ കുട്ടി,കെ എം അബ്ദുൽ ഹമീദ്,എം പി അബ്ദുൽ മജീദ്,പി കെ ഫൈസൽ,ആഷിക് പുതിയോട്ടിൽ,കെ അബ്ദുറഹ്മാൻ,അഹമ്മദ് തൊട്ടിമ്മൽ,എം എ അബ്ദുൽ ഹകീം,ഫിർദൗസ് എ കെ,ഷിഹാബ് കുന്നത്ത്, കരീം മടക്കിൽ,കുഞ്ഞിരായിൻ പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി.

 ഇരുവഴിഞ്ഞി പുഴക്ക് കുറുകെ കോണ്‍ക്രീറ്റ് പാലവും പുഴയോട് ചേര്‍ന്ന് പുഴയോര റോഡും വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.കാലങ്ങളായുള്ള ഈ മുറവിളി ഒരിടവേളക്ക് ശേഷം 
പ്രദേശത്തെ ജന പ്രതിനിധികളടക്കം നാട്ടുകാര്‍ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് ആവശ്യത്തിന് വീണ്ടും ജീവൻ വെച്ചത്.
.നിലവില്‍ ഈ പ്രദേശവുമായി ബന്ധപ്പെടാന്‍ സൗത്ത് കൊടിയത്തൂരില്‍ നിന്നും ഇടവഴിക്കടവിലേക്കുള്ള ഇടുങ്ങിയ റോഡും ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിന്നും ഇരുവഴിഞ്ഞി പുഴക്ക് കുറുകെയുള്ള തൂക്കുപാലവും 
മാത്രമാണ് ആശ്രയം.രണ്ട് വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ റോഡില്‍  ഗതാഗതക്കുരുക്കാവും.വിവാഹങ്ങള്‍ക്കോ മറ്റോ എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് പോലും ഈ ഗ്രാമത്തിലെത്താന്‍ ഈ റോഡ് വഴി കഴിയാറില്ല.
350 ലധികം വീടുകളുള്ള ഈ പ്രദേശത്തേക്ക് കാലങ്ങളായി ബസ് സര്‍വ്വീസോ മറ്റു പൊതു ഗതാഗത സംവിധാനങ്ങളോ നിലവിലില്ല.ബസ് കയറണമെങ്കില്‍ 1.5 കിലോമീറ്റര്‍ സഞ്ചരിച്ച് സൗത്ത് കൊടിയത്തൂരിലോ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടി ചെറുവാടിയിലോ തൂക്കുപാലം കടന്ന് പാഴൂരിലോ എത്തണം.നിലവിലെ റോഡ് വീതികൂട്ടാനോ വികസിപ്പിക്കാനോ സാധ്യമല്ലാത്ത അവസ്ഥയിലുമായിരുന്നു.
അങ്ങാടിയും നിന്ന് തിരിയാന്‍ ഇടമില്ലാതെ ഇടുങ്ങിയ സ്ഥലമാണ്.അവശ്യ സാധനങ്ങള്‍ക്ക് പോലും ഇവിടുത്തുകാര്‍ക്ക് സമീപ പ്രദേശങ്ങളെ ആശ്രയിക്കണം.
ഈ സാഹചര്യത്തിലാണ് തങ്ങളുടെ ഗ്രാമത്തിന്‍റെ അതിര്‍ത്തി പങ്കിടുന്ന ഇരുവഴിഞ്ഞി പുഴയുടെ തീരത്ത് കൂടെ കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിലേക്ക് ബന്ധിപ്പിക്കുന്ന പുഴയോര റോഡ് വേണമെന്ന ആവശ്യമുയര്‍ന്നത്.
 റോഡ് യാഥാര്‍ഥ്യമായാല്‍ കൊടിയത്തൂര്‍ ,ചാത്തമംഗലം പഞ്ചായത്തുകളിലെ നിരവധി പ്രദേശങ്ങള്‍ക്ക് കോഴിക്കോട് നഗരവുമായും,എയര്‍പോര്‍ട്ട്,യൂണിവേഴ്സിറ്റി ,മെഡിക്കല്‍ കോളേജ് ,ആശുപത്രികള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള ദൂരം ഗണ്യമായി കുറയും.


Post a Comment

Previous Post Next Post
Paris
Paris