സബ്സിഡി ഇല്ല, സുഭിക്ഷ ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക്, കടക്കെണിയിൽ നടത്തിപ്പുകാർ



കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്കൊപ്പം സംസ്ഥാനത്ത് സുഭിക്ഷ ഹോട്ടലുകളും അടച്ചു പൂട്ടലിലേക്ക്. സർക്കാർ നൽകേണ്ട സബ്സിഡി മാസങ്ങളായി നൽകാത്തതിനാൽ ഹോട്ടൽ നടത്തുന്നവർ ലക്ഷങ്ങളുടെ കടക്കെണിയിലായി. ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് സബ്സിഡി അനുവദിക്കേണ്ടത്.




മിതമായ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നതിനാണ് സർക്കാർ സുഭിക്ഷ ഹോട്ടൽ പദ്ധതി ആവിഷ്ക്കരിച്ചത്. ഓരോ നിയമസഭ മണ്ഡലത്തിലും ഒന്നു വീതം തുടങ്ങാനായിരുന്നു തീരുമാനം. സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കാണ് നടത്തിപ്പ് ചുമതല. 20 രൂപ നിരക്കിലാണ് ഉച്ചയൂണ് നൽകുന്നത്. ഓരോ ഊണിനും സബ്സിഡിയായി 5 രൂപ സർക്കാർ നൽകുമെന്നായിരുന്നു പ്രഖ്യാപനം. പാഴ്സലായി നൽകുന്ന ഊണിന് 25 രൂപ ഈടാക്കാം. എന്നാൽ മാസങ്ങളായി ആർക്കും സബ്സിഡി ലഭിക്കുന്നില്ല. സാധനങ്ങൾ വാങ്ങാനും ജോലിക്കാർക്ക് ശമ്പളം നൽകാനും കടം വാങ്ങുകയാണിവരിപ്പോൾ. സാധനങ്ങളുടെ വിലക്കയറ്റവും ഇവരുടെ പ്രതിസന്ധി ഇരട്ടിയാക്കി

വാടക, വൈദ്യുതി ചാർജ് എന്നിവയൊക്കെ നൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു. സുഭിക്ഷ ഹോട്ടലിൽ ബില്ല് പ്രിൻ്റു ചെയ്യാൻ മാത്രം മാസം 2500 രൂപ വേണം. ഇതൊന്നും കിട്ടുന്നില്ല. സബ്സിഡി തുക മാസം തോറും അക്കൗണ്ടിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. ആറു മാസത്തെ കുടിശ്ശികയിൽ മൂന്നു മാസത്തേത് ഉടൻ നൽകുമെന്ന പതിവ് മറുപടിയാണ് ഇപ്പോഴും സിവിൽ സപ്ലൈസ് വകുപ്പിൽ നിന്നും കിട്ടുന്നത്. നടപടിയുണ്ടായില്ലെങ്കിൽ അടച്ചു പൂട്ടാനാണ് നടത്തിപ്പുകാരുടെ തീരുമാനം

Post a Comment

Previous Post Next Post
Paris
Paris