തെയ്യത്തും കടവ് - കോട്ടമ്മൽ റോഡ് വികസനം യാഥാർത്ഥ്യത്തിലേക്ക്


കൊടിയത്തൂർ: മണാശ്ശേരി - ചെറുവാടി റോഡിൻ്റെ പ്രവൃത്തി തുടങ്ങിയെങ്കിലും തെയ്യത്തും കടവ് - കോട്ടമ്മൽ ഭാഗം സ്ഥലം ലഭ്യമാകാത്തതിൻ്റെ പേരിൽ ഈ പദ്ധതിയിൽ ഉൾപ്പെടാതെ കിടക്കുകയായിരുന്നു. കിഫ് ബി ഫണ്ടുപയോഗിച്ച് നടക്കുന്ന ഈ പ്രവർത്തി മണാശ്ശേരി മുതൽ തെയ്യത്തും കടവ് വരെയും കോട്ടമ്മൽ മുതൽ ചെറുവാടി വരെയും നടന്നുകൊണ്ടിരിക്കുകയാണ്.




പാലം വന്നതിനു ശേഷം ഈ വഴിക്കുള്ള ഗതാഗതക്കുരുക്ക് അതിരൂക്ഷമാവുകയായിരുന്നു. ദിനേന നൂറു കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നതിനാൽ നിലവിലെ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായി.

കഴിഞ്ഞ കാലങ്ങളിൽ പലപ്പോഴായി പലരും ഈ പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. നാട്ടുകാരും അയൽ നാട്ടുകാരും നമ്മുടെ നാടിനെയും നാട്ടുകാരെയും പഴി പറഞ്ഞും ശപിച്ചും ഈ വഴി കടന്നു പോയി.

ഈയൊരു ഘട്ടത്തിലാണ് കൊടിയത്തൂരിൽ പുതുതായി ഉദയം ചെയ്ത ശ്രദ്ധ എന്ന സാംസ്കാരിക സംഘടന ഈ പ്രശ്നം ഏറ്റെടുക്കുന്നത്. ശ്രദ്ധ ഇതിനകം ഏറ്റെടുത്ത ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല, കോട്ടമ്മൽ നെല്ലിക്കാപറമ്പ് റോഡ് വികസനം, നിർധന കുടുംബത്തിനുള്ള വീട് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രശംസക്ക് പാത്രമായും അവരുടെ മനസ്സുകളിൽ ശ്രദ്ധക്ക് സ്ഥാനം ലഭിക്കാൻ കാരണമാവുകയും ചെയ്തിരുന്നു.

ഈയൊരു അനുഭവമായിരിക്കാം ഈ റോഡിൻ്റെ പ്രശ്നം ശ്രദ്ധ ഏറ്റെടുക്കണമെന്ന് സമൂഹത്തിൻ്റെ പല കോണുകളിൽ നിന്നും നിർദ്ദേശമുണ്ടായത്.
ഭൗതികമായ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ പ്രപഞ്ചനാഥൻ്റെ പക്കൽ നിന്നുള്ള കടാക്ഷമല്ലാതെ മറ്റു യാതൊരു താൽപര്യവുമില്ലാതെ പ്രവർത്തിക്കുന്നതുകൊണ്ടായിരിക്കാം ഈയൊരു വിശ്വാസ്യത ശ്രദ്ധക്ക് നേടിയെടുക്കാൻ സാധിച്ചത്.

തുടർന്ന് ശ്രദ്ധ തെയ്യത്തും കടവ് മുതൽ കോട്ടമ്മൽ വരെയുള്ള ഭാഗത്തെ സ്ഥലമുടമകളുമായി സംസാരിക്കാനും സ്ഥലം വിട്ടു നൽകാനുള്ള അനുമതി ലഭ്യമാക്കാനും അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെ ചുമതലപ്പെടുത്തി.

നിഷ്പക്ഷരായ വ്യക്തികളെ ശ്രദ്ധ നേരിട്ട് കാണാനും തീരുമാനിച്ചു. ഏകദേശം ഒരു മാസത്തോളമെടുത്ത ഈ യജ്ഞത്തിന് ആശാവഹമായ പ്രതികരണമാണ് ലഭിച്ചത്. ചില പാർട്ടികൾ മുഴുവനായും ചില പാർട്ടികൾ ഭാഗികമായും അനുമതി വാങ്ങുകയുണ്ടായി. മറ്റുള്ളവരിൽ ഭൂരിഭാഗത്തെയും ശ്രദ്ധ നേരിട്ട് കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയുണ്ടായി.

യഥാർത്ഥത്തിൽ കിഫ് ബി യുടെ പദ്ധതി എങ്ങനെയെന്നോ ഈ ഭാഗത്ത് റോഡിന് എത്ര സ്ഥലമാണ് വേണ്ടതെന്നോ ഓരോരുത്തരുടെയും സ്ഥലം എത്രത്തോളമാണ് റോഡിനു വേണ്ടി എടുക്കുന്നതെന്നോ ആർക്കും യാതൊരു ധാരണയുമില്ല. എല്ലാം കേട്ടുകേൾവി മാത്രം. അതിനാൽ ആദ്യഘട്ടമെന്ന നിലയിൽ ഈ ഭാഗത്തെ സ്ഥലം മാർക്കു ചെയ്യുന്ന കാര്യമാണ് നടക്കുക. അതിനുള്ള അനുമതിയാണിപ്പോൾ വാങ്ങുന്നത്.




അതിനു ശേഷം സ്ഥലം എം.എൽ.എ, എഞ്ചിനിയർ മാർ, പഞ്ചായത്തധികൃതർ എന്നിവരുടെ സാന്നിധ്യത്തിൽ ഭൂവുടമകളുടെ പ്രശ്നങ്ങൾ എങ്ങനെയെല്ലാം ലഘൂകരിക്കുമെന്ന് ചർച്ച ചെയ്യുകയും തുടർന്ന് നിർദ്ദേശങ്ങൾ ഭൂവുടമകളെ വിളിച്ചു ചേർത്ത് ബോധ്യപ്പെടുത്തി റോഡ് പ്രവൃത്തിയിലേക്ക് കടക്കാനുമാണുദ്ദേശിക്കുന്നത്.

ഈയൊരു ദൗത്യം ശ്രദ്ധയേറ്റെടുത്ത മറ്റു സംരംഭങ്ങളെപ്പോലെത്തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris