കൊടുവള്ളിയുടെ മുന്നേറ്റം ലക്ഷ്യമിട്ട് 'ഉന്നതി'


കൊടുവള്ളി നിയോജകമണ്ഡലത്തിന്റെ ജനകീയ വിജ്ഞാനമുന്നേറ്റം ലക്ഷ്യമിട്ട് 'ഉന്നതി'. മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് ഡോ. എം കെ മുനീർ എം.എൽ.എയുടെ നേതൃത്വത്തിൽ ആരംഭിച്ച ബൃഹത് പദ്ധതിയാണ് ഉന്നതി.




വിദ്യാർത്ഥികൾക്ക് തൊഴിൽ മേഖലകൾ കണ്ടെത്താനുള്ള അഭിരുചി പരീക്ഷകളും മാർഗനിർദ്ദേശങ്ങളും നൽകി ദേശീയ അന്തർദേശീയ മേഖലകളിൽ തൊഴിൽ ലഭിക്കുന്നതിന് കൊടുവള്ളി മണ്ഡലത്തിലെ യുവതലമുറയെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിവിധ വിദ്യാഭ്യാസ തൊഴിൽ മേഖലകളെ കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തി ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.  

പുതിയ കാലത്തെ തൊഴിലവസരങ്ങൾക്കായി വിദ്യാർഥികളെയും യുവജനങ്ങളെയും സജ്ജരാക്കുക, എട്ടാം ക്ലാസിൽ വച്ച് തന്നെ കുട്ടികളുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് വിശദമായി വിശകലനം നടത്തി അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹനം നൽകുക, തൊഴിൽ അന്വേഷകരായ യുവജനങ്ങൾക്ക് തൊഴിൽ നൈപുണ്യം വിശകലനം ചെയ്യാനുള്ള പ്ലാറ്റ് ഫോം ഒരുക്കുക, തൊഴിൽ സാധ്യതയുള്ള തൊഴിൽമേഖലകൾ പരിചയപ്പെടുത്തുക, തൊഴിൽ പരിശീലന സൗകര്യങ്ങൾ ഒരുക്കുക എന്നിവ പദ്ധതിയിലൂടെ ഉറപ്പാക്കും. തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കുന്ന യുവാക്കൾക്ക് സർക്കാർ, സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ അനുയോജ്യമായ തൊഴിൽ നേടാനുള്ള സഹായവും ലഭ്യമാക്കും.

ഉന്നത യൂണിവേഴ്സിറ്റികളിലേക്കുള്ള പരിശീലനം, ഗവേഷണം- പഠന - പ്രോത്സാഹനം, തൊഴിൽ നൈപുണ്യ കോഴ്സുകൾ വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ഓവർ സീസ് എജുക്കേഷൻ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്, ലീഡർ ഷിപ്പ് ട്രൈനിങ്ങ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ എംപവർമെന്റ്, രക്ഷാകർതൃ അവബോധം എന്നിവയും പദ്ധതിയുടെ ഭാഗമായി നൽകും. 

കൂടാതെ കർഷകർക്ക് ആവശ്യമായ 'അഭിവൃദ്ധി', ആശുപ്രതികളെ ഏകോപിപ്പിച്ച് 'സുകൃതം', കായിക രംഗത്ത് 'കരുത്ത്'എന്നീ പദ്ധതികളും നടപ്പാക്കും . 

പഞ്ചായത്ത് മുനിസിപ്പാലിറ്റി തലത്തിൽ പദ്ധതികൾ നടപ്പിലാക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും ആവശ്യമായ നോളജ് സെന്ററുകൾ ആരംഭിക്കും. 50 വീടുകൾക്ക് ഒരു വളണ്ടിയർ എന്ന നിലയിൽ സന്നദ്ധ പ്രവർത്തനങ്ങളും വിദഗ്ധരുടെ സേവനവും ലഭ്യമാക്കും. പഠന വൈകല്യമുള്ളവർക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കു മായി രക്ഷിതാക്കളുടെയും അധ്യാപകരുടേയും സഹകരണത്തോടെ 'ചങ്ങാതി' പദ്ധതിയും ഉന്നതിയുടെ ഭാഗമായി ആരംഭിക്കുന്നുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിന്റെ മേൽനോട്ടത്തിലാണ് പദ്ധതി ഒരുക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris