വട്ടച്ചിറ ആദിവാസി കോളനിയിലെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കണം-വെല്‍ഫെയര്‍ പാര്‍ട്ടി


ആദിവാസികളെ ദുരിതത്തിലാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ.

മുക്കം: കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ ദുരിതത്തിലായ പതിനൊന്ന് കുടുംബങ്ങള്‍ക്ക് ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ. പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വട്ടച്ചിറ കോളനി സന്ദര്‍ശിച്ച ശേഷം മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, സെക്രട്ടറി ഇ.കെ.കെ ബാവ, ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, വിമന്‍ ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം സലീന ടീച്ചര്‍, പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റ് എം.പി ജാഫര്‍ മാസ്റ്റര്‍, ഇ.എന്‍ നദീറ, അസി. സെക്രട്ടറി തോമസ് പുല്ലൂരാംപാറ, സാലിം ജീറോഡ്,നാസര്‍ പുല്ലൂരാംപാറ, എ.വി അബ്ദുറഹിമാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ വകുപ്പ് മുഖേന നിര്‍മിതി കേന്ദ്ര വഴി നിര്‍മ്മിച്ച 23 വീടുകളില്‍ 12 വീടുകള്‍ മാത്രമാണ് പണി പൂര്‍ത്തീകരിച്ചത്. ഈ വീടുകള്‍ ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്. വീട് വാസയോഗ്യമാക്കുമെന്ന സര്‍ക്കാര്‍നല്‍കിയ ഉറപ്പില്‍ കൂര കെട്ടി താമസിക്കുകയാണ് ഇവര്‍. മഴയേറ്റും വെയിലേറ്റും പ്ലാസ്റ്റിക് കൂരക്കുള്ളിലമര്‍ന്ന ദുരിത ജീവിതത്തിന് കാരണക്കാരായവരെ നിയമത്തിന്ന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രീറ്റ് കഴിഞ്ഞിട്ട് 3 വര്‍ഷം മാത്രമായ വീടുകള്‍ പോലും ചോര്‍ന്നൊലിക്കുന്നതിനാല്‍ നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ആദിവസി ദുര്‍ബല വിഭാഗങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന വഞ്ചനാപരമായ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര വനാവകാശ നിയമം നടപ്പിലാക്കാതെ വനം കയ്യേറ്റ മാഫിയകള്‍ക്ക് വേണ്ടി കേരള സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരിപ്പുഴ, ജില്ലാ ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, സെക്രട്ടറി ഇ.കെ.കെ ബാവ, ഇ.എന്‍ നദീറ എന്നിവര്‍ പങ്കെടുത്തു.


Post a Comment

Previous Post Next Post
Paris
Paris