കോഴിക്കോട്: മൂഴിക്കലില്‍ കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട കാറില്‍ നിന്നും വിപണിയില്‍ ഒന്നേകാല്‍ കോടിയോളം വില വരുന്ന 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ നാലു പേരെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.
അടിവാരം പിലാക്കുന്നുമ്മല്‍ സഫ്‌നാസ്, അടിവാരം നൂറാം തോട് വെള്ളരിക്കുഴിയില്‍ മുഹമ്മദ് അസറുദ്ദീന്‍, താമരശ്ശേരി പരപ്പന്‍പൊയില്‍ കല്ലാരം കെട്ടില്‍ റിയാസ്, അടിവാരം നൂറാം തോട് വലിയ വീട്ടില്‍ ആഷിഖ് എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ പ്രകാശന്‍ പി പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ബിജു കെ കെയുടെ നേതൃത്വത്തിലുള്ള ചേവായൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതില്‍ ലഹരി മരുന്ന് എത്തിച്ചു നല്‍കുന്ന റാക്കറ്റില്‍ പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.
സഫ്‌നാസ്, മുഹമ്മദ് അസറുദ്ദീന്‍ എന്നിവര്‍ സഞ്ചരിച്ച കെ എല്‍ 10 എ കെ 6431 കാറാണ് തിങ്കളാഴ്ച രാത്രി 11.45 ഓടെ മൂഴിക്കല്‍ പാലത്തിനടുത്ത് വെച്ച് അപകടത്തില്‍ പെട്ടത്. ആരാമ്ബ്രത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുന്നമംഗലം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പ്രതികള്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് അമിത വേഗതിയില്‍ ഓടിച്ചുപോയ കാര്‍ മൂഴിക്കലില്‍ വെച്ച് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മുഹമ്മദ് അസറുദ്ദീന് മുഖത്ത് പരിക്കേറ്റതിനാല്‍ ഇരുവരെയും നാട്ടുകാര്‍ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരം അല്‍പ്പ സമയത്തിനുള്ളില്‍ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.പിടിയിലാവാതിരിക്കാന്‍ മെഡിക്കല്‍ കോളെജില്‍ നിന്ന് രക്ഷപ്പെട്ട പ്രതികള്‍ ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശ്രമിച്ചു. എന്നാല്‍ ഇവിടെ നിന്ന് മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്തതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് പങ്കാളികളായ റിയാസ്, ആഷിഖ് എന്നിവരെ വിളിച്ചുവരുത്തിയത്. അപകടത്തില്‍ പെട്ട കാറില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുപോകാനും ഇവര്‍ ശ്രമം നടത്തിയിരുന്നു. ഒടുവില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നും പറഞ്ഞ് മുഹമ്മദ് അസറുദ്ദീന്‍ ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസ് ട്രാഫിക്ക് അസി. കമ്മീഷണര്‍ ജോണ്‍സണ്‍, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസ് എന്നിവരുടെ സഹായത്തോടെ ചേവായൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ നിമിന്‍ കെ ദിവാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് സഫ്‌നാസിന്റെ ആരാമ്ബ്രത്തെ വീട്ടില്‍ സൂക്ഷിച്ച 5.4 കി. ഗ്രാം കഞ്ചാവു കൂടി ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ കെകെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.500 ഗ്രാം എംഡിഎംഎയുമായി കരിപ്പൂര്‍ പൊലീസ് നേരത്തെ മുഹമ്മദ് അസറുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട് ഇയാള്‍. നാലു പ്രതികളെയും കോടതി റിമാന്റ് ചെയ്തു. ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ അസി. സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്, അബ്ദുര്‍റഹ്‌മാന്‍, എസ് സി പി ഒ കെ അഖിലേഷ്, അനീഷ് മൂസാന്‍ വീട്, സി പി ഒ മാരായ ജിനേഷ് ചൂലൂര്‍, സുനോജ് കരയില്‍, അര്‍ജുന്‍ അജിത് ചേവായൂര്‍ സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ സജി മാണിയേടത്ത്, വിജയകുമാര്‍ എസ് സി പി ഒ ശ്രീരാഗ്, സുമേഷ്, സിപിഒമാരായ പ്രേംജിത്ത്, ജിതിന്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Post a Comment