വീടുകൾ വാടകയ്‌ക്കെടുത്ത് ലഹരിവിൽപ്പന; കോഴിക്കോട്ട് വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചതായും വിവരം


കോഴിക്കോട് : ജില്ലയിൽ വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വിൽപ്പന തകൃതി. ആളൊഴിഞ്ഞ പ്രദേശത്തെ വീടുകളും ഫ്ളാറ്റുകളുമാണ് വിൽപ്പനയ്ക്കായി ഇവരുപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിന് സംഘത്തിലെ ഒരാളെ നിയോഗിക്കും. അയാളുടെ പേരിലായിരിക്കും വീട് വാടകയ്ക്കെടുക്കുക.




വീട്ടുടമസ്ഥൻ പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ തുക വാഗ്ദാനം ചെയ്യുമ്പോൾ വീടുകൾ എളുപ്പം ഇവർക്ക് വാടകയ്ക്ക് കിട്ടും. കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പരിശോധനയ്ക്കെത്തുമ്പോഴാണ് ഉടമസ്ഥർക്ക് കാര്യങ്ങൾ മനസ്സിലാവുക. പുറത്ത് വിവരം അറിയാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് വാടകവീടുകളിലെ ലഹരി വിൽപ്പന. ജില്ലയിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞദിവസം മൂഴിക്കലിലുണ്ടായ വാഹനാപകടത്തിൽ തകർന്ന കാറിൽനിന്ന് 20 കിലോയോളം കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് അഞ്ചുകിലോ കഞ്ചാവും എം.ഡി.എം.എ. ഉപയോഗിക്കാനായുള്ള ഹുക്കയും പിടിച്ചെടുത്തിരുന്നു. പോലീസെത്തിയപ്പോഴാണ് വീട്ടുടമയും പരിസരവാസികളും സംഭവം അറിയുന്നത്.

എന്നാൽ ചില പരിസരവാസികൾക്ക് നേരത്തേ സംശയം തോന്നിയപ്പോൾ ഉടമയോട് പറഞ്ഞെങ്കിലും 'അവർ നല്ലവരാണെ'ന്നാണ് മറുപടി നൽകിയതെന്ന് പരിസരവാസി പോലീസിനോട് പറഞ്ഞു. പ്രതികളിലൊരാളായ സഫ്നാസ് ആണിവിടെ വീട് വാടകയ്ക്കെടുത്തത്.

പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചും കുന്ദമംഗലത്തെ വീട് കേന്ദ്രീകരിച്ചും ലഹരിവിൽപ്പന നടത്തിയത് ഡാൻസാഫും പോലീസും ചേർന്ന് പിടികൂടിയിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ എവിടെനിന്നാണ് കൊണ്ടുവരുന്നത് എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കിയതായി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris