ഓടുന്ന ലോറിയിൽ ഉറങ്ങുന്നത് കാണിച്ച് ഡ്രൈവർ;നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ


വിദേശരാജ്യങ്ങളെ പോലും കടത്തിവെട്ടി ഡ്രൈവറില്ലാ വാഹനം സിമ്പിള്‍ ടെക്‌നോളജിയില്‍ നമ്മുടെ ഈ കേരളത്തില്‍ ഓടുന്ന കാഴ്ച എന്നതടക്കമുള്ള തലക്കെട്ടുകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ. വാഹനം ഓടിക്കുമ്പോള്‍ തന്നെ എങ്ങനെ ഉറങ്ങാമെന്ന് ഡ്രൈവര്‍ പറഞ്ഞുകൊടുക്കുന്ന ഈ വീഡിയോയില്‍, നല്ല വേഗതയില്‍ 'ഓടിക്കൊണ്ടിരിക്കുന്ന' ചരക്കുലോറിയുടെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവെച്ച ശേഷം പിന്നിലുള്ള സീറ്റില്‍ പോയി ഡ്രൈവര്‍ കൂളായി കിടക്കുന്നതായിട്ട് കാണാം.




വെള്ളത്തിന്റെ ബോട്ടില്‍ ആക്‌സിലേറ്ററില്‍ ജാമാക്കി വെക്കണമെന്നും തുടര്‍ന്ന് മുണ്ടെടുത്ത് സ്റ്റിയറിങില്‍ കെട്ടുന്നതുമാണ് വീഡിയോയിലുള്ളത്. 'എന്റെ ജീവന്‍ വെച്ചാണ് നിങ്ങള്‍ കളിക്കുന്നത്' വീഡിയോ പകര്‍ത്തുന്നയാളും പറയുന്നുണ്ട്. ഇത്തരത്തില്‍ റോഡിലൂടെ അപകടകരമായി വാഹനമോടിച്ച ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.




എന്നാല്‍ ഈ വീഡിയോയുടെ വാസ്തവം എന്താണെന്ന് പുറത്തുവിട്ടിരിക്കുകയാണ് കേരള പോലീസ്.

റോ-റോ സര്‍വീസിന്റെ ഭാഗമായി ട്രെയിനില്‍ കയറ്റിയ ലോറിയില്‍ നിന്നുള്ളതാണ് ഈ ദൃശ്യമെന്നാണ് പോലീസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന മേല്‍കുറിപ്പോടെ വീഡിയോ സഹിതമാണ് പോലീസ് അവരുടെഫെയ്‌സ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കുന്നത്.

Post a Comment

Previous Post Next Post
Paris
Paris