അരീക്കോട്: കരിപ്പൂർ നിക്കാഹ് കഴിഞ്ഞു സന്തോഷത്തോടെ കശ്മീരിലേക്കു യാത്രയാക്കിയ സൈനികൻ നുഫൈലിന്റെ മൃതദേഹം ഇന്നലെ അതേ ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങുമ്പോൾ വിമാനത്താവളം നൊമ്പരമണിഞ്ഞു.കശ്മീരിലെ ലഡാക്കിൽ മരിച്ച ആർമി പോസ്റ്റൽ ഗാർഡ് കീഴുപറമ്പ് കുറ്റൂളി കോലോത്തുംതൊടി നുഫൈലിന്റെ
(27) ഭൗതിക ശരീരം ഇന്നലെ രാത്രി എട്ടരയോടെയാണു കരിപ്പൂരിൽ എത്തിച്ചത്.
കലക്ടർ വി.ആർ.പ്രേംകുമാറിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹത്തിൽ കോഴിക്കോട് ടെറിട്ടോറിയൽ ആർമിഅന്തിമോപചാരമർപ്പിച്ചു.ജനപ്രതിനിധികളും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി ഏറെ പേർ നേരത്തേ തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നു.
കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പൊലീസും തഹസിൽദാറും താലൂക്ക്_ ദുരന്തനിവാരണസേനാ പ്രവർത്തകരും ചേർന്നു മൃതദേഹം കരിപ്പൂർ ഹജ് ഹൗസിലേക്കു കൊണ്ടുപോയി.
ഹജ് ഹൗസിൽ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ വിലാപയാത്രയായി ജന്മനാട്ടിലെത്തിക്കും.നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വിലാപയാത്രയിൽ പങ്കെടുക്കും.ഉമ്മയും പ്രതിശ്രുത വധുവും ഉൾപ്പെടെയുള്ളവർ മൃതദേഹം ഏറ്റുവാങ്ങും. സൈനികനു വഴികളിലുടനീളം നാട്ടുകാർ ആദരാഞ്ജലി അർപ്പിക്കും. സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണറിനുശേഷം രാവിലെ ഒൻപതിനു ജന്മനാടായ കുറ്റൂളി കൊടവങ്ങാട് ഗ്രൗണ്ടിൽ പൊതുദർശനത്തിനു വയ്ക്കും.തുടർന്നു കൊടവങ്ങാട്ടെ വീട്ടിൽ എത്തിക്കും. പിന്നീടു കുനിയിൽ ഇരിപ്പാൻകുളം ജുമാമസ്ജിദിൽ കബറടക്കം.
വ്യാഴാഴ്ച രാത്രിയാണു ദേഹാസ്വാസ്ഥ്യം കാരണം നുഫൈൽ മരിച്ചതായി വിവരമെത്തുന്നത്. 8 വർഷത്തെ സൈനിക സേവനത്തിനൊടുവിലായിരുന്നു സൈനികന്റെ വിയോഗം.നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുൻപാണു നുഫൈൽ നാട്ടിൽ നിന്നു മടങ്ങിയത്.പരേതനായ മുഹമ്മദ് കുഞ്ഞാന്റെയും ആമിനയുടെയും ഇളയ മകനാണ്.
Post a Comment