ന്യൂഡൽഹി: ഇ-കൊമേഴ്‌സ് കമ്പനികൾ വഴി ഓൺലൈനായി വിൽക്കുന്ന ഉത്പന്നങ്ങളുടെ നിലവാരം ഉറപ്പാക്കാൻ സംവിധാനം വരുന്നു. ഇതിനായി ഉപഭോക്തൃകാര്യ മന്ത്രാലയം പ്രവർത്തനം തുടങ്ങി. ബി.ഐ.എസ്. നിലവാരത്തിലുള്ള ഉത്പന്നങ്ങൾക്കുമാത്രം ഓൺലൈൻ വിൽപ്പനയ്ക്ക് അനുവാദംനൽകാനാണ് നീക്കം.
ഇതുസംബന്ധിച്ച ചർച്ചകൾക്കായി ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയടക്കം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് (ബി.ഐ.എസ്.) അധികൃതർ കഴിഞ്ഞദിവസം യോഗം ചേർന്നു.
തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ രജിസ്റ്റർ ചെയ്ത വിൽപ്പനക്കാർ നൽകുന്നത് ബി.ഐ.എസ്. നിലവാരമുള്ള ഉത്പന്നങ്ങളാണോയെന്ന് ഉറപ്പാക്കാൻ മാർഗമില്ലെന്ന് കമ്പനികൾ അറിയിച്ചു. ഇതിനു പരിഹാരമായി വിൽപ്പനക്കാർ സമർപ്പിക്കുന്ന ലൈസൻസുകൾ ഓട്ടോമാറ്റിക്കായി പരിശോധിച്ച് ഉറപ്പാക്കാൻ ബി.ഐ.എസ്. സഹായിക്കും. ഇതിനായി ബി.ഐ.എസും കമ്പനികളും ചേർന്ന് സാങ്കേതികസംവിധാനം വികസിപ്പിക്കുന്നുണ്ട്. ഇത് പത്തുദിവസത്തിനകം തയ്യാറാക്കാനാണ് ശ്രമിക്കുന്നതെന്ന് ബി.ഐ.എസ്. ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. നിലവാരമില്ലെങ്കിൽ സാധനം തിരിച്ചയച്ച് പരാതിപ്പെടുന്നത് ജനങ്ങൾ ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇ-കൊമേഴ്‌സ് കമ്പനികൾ മുഖേന സാധനങ്ങൾ വിൽക്കാൻ ബി.ഐ.എസ്. സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് നിർബന്ധമാക്കും. ഈ സർട്ടിഫിക്കറ്റ് യഥാർഥമാണോയെന്ന് ബി.ഐ.എസ്. സംവിധാനം വഴി ഓട്ടോമാറ്റിക്കായി പരിശോധിക്കും. വ്യാജമാണെന്ന് കണ്ടെത്തിയാൽ വിൽപ്പന വിലക്കും. ഉത്പന്നങ്ങളുടെ ബി.ഐ.എസ്. നിലവാരം കമ്പനികൾ വെബ്‌സൈറ്റുകളിൽ പ്രദർശിപ്പിക്കും. നിലവാരമില്ലാത്തതെങ്കിൽ ഉത്പന്നങ്ങൾ തിരിച്ചയക്കാൻ വ്യവസ്ഥയുണ്ടാകും.
Post a Comment