കോഴിക്കോട് : അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം എന്നാവര്‍ത്തിച്ച് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗില്‍. മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന മനുഷ്യ–മൃഗ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘മനുഷ്യ ജീവന്‍ അപഹരിക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ ലംഘനമാണ്. അന്‍പത് വര്‍ഷം കൊണ്ട് കാടിന് ഉള്‍ക്കൊള്ളാവുന്നതിലും അധികം മൃഗങ്ങള്‍ പെരുകി. നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴി. വ്യത്യസ്ത നിലപാടെടുക്കുന്ന വനംവകുപ്പ് കാലാകാലങ്ങളില്‍ കള്ളകണക്കുകളാണ് പുറത്തുവിടുന്നത്. മലയോര മേഖലയിലെ പ്രശ്നങ്ങളില്‍ തന്നെ കുറ്റപ്പെടുത്തുന്ന വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, അധികാരത്തിന്റെ സംവിധാനങ്ങളും സ്വാധീനവും വച്ച് കാര്യങ്ങള്‍ കൃത്യമായി പഠിക്കണം’’– അദ്ദേഹം പറഞ്ഞു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് മലയോര മേഖലയിലെ പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് എ.കെ.ശശീന്ദ്രൻ ആരോപിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. മൃഗസംരക്ഷണത്തിനായി ഇന്ത്യയില്‍ സമ്മര്‍ദം ചെലുത്തുന്ന വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ തലപ്പത്തുള്ളവര്‍ മൃഗവേട്ടയാടലിന് പേരുകേട്ടവരാണെന്നും ഗാഡ്ഗില്‍ കുറ്റപ്പെടുത്തി. മാധവ് ഗാഡ്ഗിലിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമെന്ന് വെബിനാറില്‍ അധ്യക്ഷത വഹിച്ച താമരശേരി രൂപതാ അധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
Post a Comment