എസ്.എം.എ. ബാധിതനായ കുഞ്ഞ് നിർവാന്റെ ചികിത്സക്ക് 11 കോടി സഹായം നൽകി അജ്ഞാതൻ


സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിതനായ കുഞ്ഞ് നിർവാന്റെ വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹിക മാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ്. 15 മാസം പ്രായമുള്ള നിർവാന്റെ ചികിത്സയ്ക്ക് അമേരിക്കയിൽനിന്ന് മരുന്നെത്തിക്കാൻ 17.4 കോടി രൂപയാണ് വേണ്ടിയിരുന്നത്. നിർവാനെ അറിയുന്നവരും അറിയാത്തവരുമായി ലോകത്തെ പലഭാ​ഗങ്ങളിൽ നിന്നുള്ള നിരവധിപേർ സാമ്പത്തികസഹായം നൽകുകയുണ്ടായി. എന്നാൽ ഇപ്പോഴിതാ ചികിത്സാ ചെലവിലേക്ക് പതിനൊന്ന് കോടി രൂപ നൽകിയിരിക്കുകയാണ് അജ്ഞാതനായ ഒരു മനുഷ്യസ്നേഹി.




തന്നെക്കുറിച്ചുള്ള യാതൊരു വിവരവും പുറത്തുവിടരുതെന്ന് പറഞ്ഞാണ് നിർവാന് വേണ്ടിയുള്ള പണം കൈമാറിയിരിക്കുന്നത്. ഇതോടെ 17.5 കോടിയുടെ മരുന്നിന് ഇനി വേണ്ടത് ഒരുകോടിയിൽ താഴെ രൂപയാണ്. മാതാപിതാക്കളായ തങ്ങൾക്കുപോലും തുക കൈമാറിയയാളെ കുറിച്ച് വിവരമില്ലെന്ന് സാരംഗ് മേനോൻ-അദിതി ദമ്പതികൾ പറയുന്നു.

ഞങ്ങൾക്ക് പോലും തുക തന്നത് ആരാണെന്ന് അറിയില്ല. മിലാപ് എന്ന ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോം വഴിയാണ് തുക സ്വരൂപിച്ചത്. തുക നൽകിയ വ്യക്തി അവരെയാണ് ബന്ധപ്പെട്ടിട്ടുള്ളത്. ആരാണെന്നോ എന്താണെന്നോ എന്നൊന്നും കുട്ടിയുടെ മാതാപിതാക്കൾ പോലും അറിയരുതെന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. പ്രശസ്തിയുടെ ആവശ്യമില്ലെന്നും വാർത്ത കണ്ടപ്പോൾ കുഞ്ഞ് നിർവാൻ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുമാത്രമാണ് മനസ്സിലുള്ളതെന്നും തുക നൽകിയയാൾ പറഞ്ഞിരുന്നുവെന്നാണ് ക്രൗഡ്ഫണ്ടിം​ഗ് പ്ലാറ്റ്ഫോമിൽ നിന്നറിയിച്ചത്- സാരം​ഗ് പറയുന്നു. ഇത്രയും വലിയൊരു തുക എങ്ങനെയെങ്കിലും കണ്ടെത്തും എന്നതിൽ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും പക്ഷേ അത് ഇത്ര എളുപ്പത്തിൽ ആകുമെന്ന് കരുതിയിരുന്നില്ലെന്നും സാരം​ഗ് വ്യക്തമാക്കി.

ആറുമാസത്തെ സമയപരിധിക്കുള്ളിൽ തുക കണ്ടെത്താമെന്നാണ് കരുതിയിരുന്നത്. മരുന്ന് കിട്ടാൻ ഇരുപത് ദിവസമെടുക്കും. നിർവാന് രണ്ടുവയസ്സാകാൻ എട്ടുമാസമാണുള്ളത്. അതിനുള്ളിൽ മരുന്ന് കിട്ടിയിട്ടേ പ്രയോജനമുള്ളു. ആ യാത്രയുടെ ദൈർഘ്യം കുറച്ചത് ഒരുപാട് സുമനസ്സുകൾക്കൊപ്പം ഇപ്പോൾ വലിയ തുക നൽകിയ വ്യക്തിയുമാണ്.സാമ്പത്തിക സഹായം നൽകിയവരെയും അല്ലാത്തവരെയുമൊക്കെ മനസ്സുകൊണ്ട് ചേർത്തുപിടിക്കുകയാണെന്നും സാരം​ഗ് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris