തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗത്തിൽ ധാരണ. 31ന് സ്കൂളുകൾ മധ്യവേനലവധിക്കായി അടക്കും. രാവിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്നതിനാൽ ഒന്ന്-ഒമ്പത് ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചക്കു ശേഷം രണ്ടു മുതലായിരിക്കും നടക്കുക.
വെള്ളിയാഴ്ചകളിൽ രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ സമയക്രമം അനുസരിച്ചായിരിക്കും പരീക്ഷ. വിശദ ടൈംടേബിൾ ഏതാനും ദിവസത്തിനകം പ്രസിദ്ധീകരിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് ധാരണ.
ഉച്ചഭക്ഷണ പദ്ധതിയിൽ മൂന്നു മാസത്തെ കുടിശ്ശിക തുകയായ 126 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിതരണം ചെയ്യുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള പ്രപ്പോസലുകളിൽ അംഗീകരിക്കാവുന്നവ സർക്കാറിലേക്ക് കൈമാറി. സ്പെഷലിസ്റ്റ് അധ്യാപക സമരം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായും ഡയറക്ടർ അറിയിച്ചു.
Post a Comment