4 വയസ് വരെ ഉള്ള കുട്ടികൾക്ക് ഇനി മുതൽ സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും


 ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു. അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിക്കുക എന്നത്. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്.




നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്‌കരിക്കപ്പെടുകയാണ്. ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലാകും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി. നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും. ഇത്തരം സേഫ്റ്റി ഹാർനസ്സുകളും ക്രാഷ് ഹെൽമെറ്റുകളും ബൈസിക്കിൾ ഹെൽമെറ്റുകളും മാർക്കറ്റുകളിലും ഓൺലൈനായും ലഭ്യമാണ്.

Post a Comment

Previous Post Next Post
Paris
Paris