വെള്ളക്കരത്തില്‍ വീണ്ടും ഇരുട്ടടി; ഏപ്രില്‍ ഒന്നു മുതല്‍ 5 ശതമാനം ഇനിയും കൂട്ടും

കോഴിക്കോട്: സംസ്ഥാനത്ത് വെള്ളക്കരം വീണ്ടും കൂട്ടുന്നു. ഇപ്പോഴത്തെ വർധന കൂടാതെ ഏപ്രിൽ ഒന്നു മുതൽ അഞ്ച് ശതമാനം കൂടി വർധിക്കും. കേന്ദ്ര സർക്കാർ വ്യവസ്ഥ പ്രകാരമുള്ള താരിഫ് വർധന ഈ വർഷവും ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.




ഇതു പ്രകാരം ഇപ്പോൾ പ്രഖ്യാപിച്ച ചാർജിനൊപ്പം മൂന്നര രൂപ മതൽ 60 രൂപ വരെ ഇനിയും വർധിക്കും. വെള്ളക്കരം ലിറ്ററിന് ഒരു പൈസ വർധിപ്പിച്ചതിന്‍റെ ഞെട്ടൽ മാറും മുമ്പേ വീണ്ടും വെള്ളം കുടി മുട്ടിക്കാനൊരുങ്ങുകയാണ് സർക്കാർ. അധിക വായ്പ അനുവദിക്കുന്നതിനുള്ള കേന്ദ്ര വ്യവസ്ഥ പ്രകാരം 2021 മുതൽ ഓരോ വർഷവും വെള്ളക്കരത്തിൽ അഞ്ച് ശതമാനം താരിഫ് വർധിപ്പിക്കണം.

വെള്ളക്കരം വർധിപ്പിച്ചതിനാൽ ഈ വർഷം അതുണ്ടാകില്ലെന്നാണ് ജല അതോറിറ്റി ആദ്യം അറിയിച്ചത്. എന്നാൽ ഫെബ്രുവരി 6ന് സർക്കാർ നിയമസഭയിൽ നൽകിയ രേഖാ മൂലമുള്ള മറുപടിയിൽ അഞ്ച് ശതമാനം വർധനവ് പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. അതായത് ഏപ്രിൽ ഒന്ന് മുതൽ ഇപ്പോഴത്തെ നിരക്കിനൊപ്പം അഞ്ച് ശതമാനം വർധിപ്പിച്ച നിരക്കും ഉപഭോക്താവിന് ബാധകമാകും. 5000 ലിറ്റർ ജലം ഉപയോഗിക്കുന്നവർ 72.05 രൂപയുടെ സ്ഥാനത്ത് 75.65 രൂപ അടക്കണം.

വിവിധ സ്ലാബ് അടിസ്ഥാനത്തിലുള്ള വർധന പരിശോധിച്ചാൽ മൂന്നര രൂപ മുതൽ അറുപത് രൂപ വരെ വർധിക്കും. കൂടുതൽ പേർക്ക് കുടിവെള്ളമെത്തിക്കുന്ന ജല ജീവൻ മിഷനടക്കമുള്ള പദ്ധതികളുമായി മുന്നോട്ടു പോകണമെങ്കിൽ കേന്ദ്ര വ്യവസ്ഥകൾ പാലിക്കണമെന്നാണ് ജല അതോറിറ്റി നൽകിയ വിശദീകരണം. ഒരു പൈസ വർധിപ്പിച്ചതിലൂടെ 401.61 കോടി രൂപയുടെ അധിക വരുമാനമാണ് ജല അതോറിറ്റിക്ക് കിട്ടുന്നത്.

Post a Comment

Previous Post Next Post
Paris
Paris