തിരുവനന്തപുരം :സംസ്ഥാനത്തെ സ്കൂള്‍ ഏകീകരണം സംബന്ധിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഉപജില്ല വിദ്യാഭ്യാസ ഓഫിസ് (എ.ഇ.ഒ), വിദ്യാഭ്യാസ ജില്ല ഓഫിസ് (ഡി.ഇ.ഒ) സംവിധാനങ്ങള്‍ ഇല്ലാതാകും.
പകരം ബ്ലോക്ക്, കോര്‍പറേഷന്‍ തലങ്ങളില്‍ സ്കൂള്‍ എജുക്കേഷന്‍ ഓഫിസ് (എസ്.ഇ.ഒ) നിലവില്‍ വരും. ജില്ല തലത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസാണ് (ഡി.ഡി.ഇ) നിലവിലുള്ളതെങ്കില്‍ ഇത് ഏകീകരണത്തോടെ ജോയന്‍റ് ഡയറക്ടറുടെ ഓഫിസാക്കി പരിവര്‍ത്തിപ്പിക്കും. ഏകീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക സെല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഘടിപ്പിച്ച ശില്‍പശാലകളിലൂടെയാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
ജില്ലയിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്കൂളുകള്‍ ജോയന്‍റ് ഡയറക്ടര്‍ ഓഫിസിന് കീഴിലാകും. വിദ്യാഭ്യാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസര്‍ തസ്തികയും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി മേഖല (ആര്‍.ഡി.ഡി) ഓഫിസുകളും വി.എച്ച്.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫിസുകളും ഇല്ലാതാകും. മുനിസിപ്പല്‍ പരിധിയിലുള്ള സ്കൂളുകള്‍ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്.ഇ.ഒ ഓഫിസിന്‍റെ പരിധിയിലായിരിക്കും. അധ്യാപക തസ്തിക മുതല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തസ്തിക വരെയുള്ളവയുടെ ശ്രേണി ക്രമീകരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. ഓരോ തസ്തികയിലും ജോലി ചെയ്യുന്നവരുടെ സ്ഥാനക്കയറ്റ തസ്തിക സംബന്ധിച്ച വ്യക്തമായ മാപ്പിങ്ങും സെല്‍ നടത്തുന്നുണ്ട്.
അടുത്ത ജൂണില്‍തന്നെ ഏകീകരണം ലക്ഷ്യമിട്ടാണ് സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി സ്പെഷല്‍ റൂള്‍സ് രൂപവത്കരിക്കല്‍, കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ (കെ.ഇ.ആര്‍) വരുത്തേണ്ട ഭേദഗതി, തസ്തികകള്‍ തുടങ്ങിയവ സംബന്ധിച്ച പരിശോധനയും നടത്തുന്നുണ്ട്. നിലവില്‍ ഡയറക്ടറേറ്റ് തലത്തില്‍ മാത്രം നടത്തുന്ന അക്കാദമിക മേല്‍നോട്ടം എസ്.ഇ.ഒ ഓഫിസ് തലം മുതല്‍ നടപ്പാക്കാനും ധാരണയുണ്ട്.
അധ്യാപകന്‍ മുതല്‍ ഡയറക്ടര്‍ വരെയുള്ളവരുടെ ചുമതലകള്‍ ക്രോഡീകരിച്ച് നിര്‍വചിക്കും. ഖാദര്‍ കമ്മിറ്റി ശിപാര്‍ശയെ തുടര്‍ന്ന് നേരേത്ത പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് എന്നിവ ലയിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ (ഡി.ജി.ഇ) രൂപവത്കരിച്ചിരുന്നു. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഒന്നിച്ചുള്ളിടത്ത് സ്ഥാപന മേധാവിയായി പ്രിന്‍സിപ്പലിനെ നിശ്ചയിക്കുകയും പ്രഥമാധ്യാപക തസ്തിക വൈസ് പ്രിന്‍സിപ്പലാക്കി മാറ്റുകയും ചെയ്തിരുന്നു. മുകള്‍ തട്ടില്‍ മാത്രം ഒതുങ്ങിയ ലയനം സമഗ്രമായ ഘടനാമാറ്റത്തോടെ പൂര്‍ണമായും നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മൂന്ന് വിഭാഗങ്ങളിലെ ജീവനക്കാരെയും സംരക്ഷിക്കുന്ന രൂപത്തിലാകണം പുനഃക്രമീകരണം എന്ന നിര്‍ദേശവുമുണ്ട്. ശിപാര്‍ശ വൈകാതെ സര്‍ക്കാറിന് സമര്‍പ്പിക്കും.
Post a Comment