മാവൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്കുന്ന മഹാത്മാ പുരസ്കാരത്തിന് മാവൂർ ഗ്രാമപഞ്ചായത്ത് അര്‍ഹത നേടി. 2021 -22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 1311 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനം ലഭ്യമാക്കിയതുൾപ്പെടെയുള്ള മികച്ച പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാമീണ റോഡുകൾ, ഫുട്പാത്തുകൾ എന്നിവ നിർമ്മിക്കുന്നതിന് ഒരു കോടിയോളം രൂപയും, കുടുംബശ്രീ, കൃഷിഭവൻ, ദേശീയ ഗ്രാമണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി തരിശുഭൂമി കൃഷിയോഗ്യമാക്കി നെൽകൃഷി ചെയ്തതുൾപ്പെടെ പരിഗണിച്ചാണ് ജില്ലാതലത്തില്‍ മാവൂർ ഗ്രാമപഞ്ചായത്തിനെ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്.
കായക്കൊടി, മരുതോങ്കര, ചക്കിട്ടപ്പാറ പഞ്ചായത്തുകള്‍ രണ്ടാം സ്ഥാനത്തിന് അർഹരായി. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 19ന് നടക്കുന്ന ചടങ്ങിൽ വച്ച് മഹാത്മാ പുരസ്‌കാരം സമ്മാനിക്കും
Post a Comment