ന്യൂഡൽഹി: ഇന്ത്യയുടെ 'ഓപ്പറേഷൻ ദോസ്തിന്' നന്ദി അറിയിച്ച് തുർക്കി അംബാസഡർ. സിറിയ - തുർക്കി ഭൂകമ്പത്തിൽ രക്ഷാപ്രവർത്തനത്തിനും മെഡിക്കൽ സഹായവുമായി ഇന്ത്യയിൽ നിന്ന് എൻ.ഡി.ആർ.എഫ്. ടീമിനേയും സൈന്യത്തേയും തുർക്കിയിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യയുടെ അകമഴിഞ്ഞ സഹായത്തിന് നന്ദി അറിയിച്ചു കൊണ്ട് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനേൽ ട്വീറ്റ് ചെയ്തത്.
'ഇന്ത്യൻ സർക്കാരിനെ പോലെ വിശാലമനസ്കരായ ഇന്ത്യൻ ജനതയും ഭൂകമ്പ മേഖലയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈകോർത്തു. ഇന്ത്യയുടെ വിലമതിക്കാനാകാത്ത എല്ലാ സഹായങ്ങൾക്കും നന്ദി പറയുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ നിന്ന് എത്തിച്ച സാമഗ്രികളുടെ വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചു.
റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പവും അതിന്റെ തുടര്‍ ചലനങ്ങളും തുർക്കി - സിറിയയെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഭൂകമ്പത്തിൽ 46,000 ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
'ഓപ്പറേഷന്‍ ദോസ്ത്' എന്നാണ് തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ രക്ഷാ ദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്. ഇതിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മെഡിക്കല്‍ കിറ്റുകളടക്കമുള്ളവ വഹിച്ച് ഇന്ത്യയില്‍ നിന്ന് ആറ് വിമാനങ്ങളേയാണ് അയച്ചത്. 50 എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍, ദുരിതാശ്വാസ സാമഗ്രികള്‍, മരുന്ന്, മറ്റ് അവശ്യസേവനങ്ങളും ഉപകരണങ്ങളും ഓപ്പറേഷന്‍ ദോസ്തിന്‍റെ ഭാഗമാണ്. തുര്‍ക്കി സര്‍ക്കാരുമായും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചാണ് ഓപ്പറേഷന്‍ ദോസ്ത് പ്രവർത്തിക്കുന്നത്.
Post a Comment