ക്യാമറ സ്ഥാപിക്കാന്‍ സാവകാശം വേണം, ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തും- ബസുടമകൾ

പാലക്കാട്: ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ ബസുടമകള്‍. ഫെബ്രുവരി 28-നകം കാമറ വയ്ക്കണമെന്നത് അപ്രായോഗികമാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ്‌ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.




സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ബസുകളില്‍ ഫെബ്രുവരി 28ന് മുമ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നതായിരുന്നു ഗതാഗത വകുപ്പിന്റെ നിര്‍ദേശം. കാമറ സ്ഥാപിക്കാന്‍ ആവശ്യമായ തുകയുടെ പകുതി റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും സർക്കാർ വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാമറ സ്ഥാപിക്കാനാവശ്യമായ മുഴുവൻ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്നും നല്‍കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്.

കാമറക്കുവേണ്ടി പണം ചിലവാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവിലില്ല. ബസിന്റെ ടെസ്റ്റ് വരുന്നതിന് മുന്നോടിയായി കാമറകള്‍ വയ്ക്കാം. ഒരുമിച്ച് ഇത്രയധികം ബസുകള്‍ സിസിടിവി സ്ഥാപിക്കുമ്പോള്‍ നിലവാരമുള്ള കാമറകള്‍ ലഭ്യമാകില്ലെന്നും ബസുടമകള്‍ വ്യക്തമാക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അനുകൂല നടപടിയില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്നും ബസുടമകള്‍ കൂട്ടിച്ചേര്‍ത്തു.

ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലായിരുന്നു ഗതാഗത വകുപ്പിന്റെ നിര്‍ദേശം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Post a Comment

Previous Post Next Post
Paris
Paris