അരീക്കോട് : സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികൾ അനിശ്ചിതകാല പണിമുടക്കില്‍. ക്വാറികള്‍ അടച്ചിട്ടാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരം. പ്രശ്നം പരിഹരിക്കാതെ ചെങ്കല്‍ ക്വാറികള്‍ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് ഉടമകള്‍.
പതിച്ചു നല്‍കിയ ഭൂമിയില്‍ ക്വാറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുക, ലൈസന്‍സിന്‍റെ പേരില്‍ ഭീമമായ പിഴ ചുമത്തുന്നത് നിര്‍ത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചെങ്കല്‍ ക്വാറി ഉടമകള്‍ ഉന്നയിക്കുന്നത്. പിടിക്കപ്പെടുന്ന ലോറികള്‍ക്ക് ഉടന്‍ പിഴ ചുമത്താതെ താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ മാസങ്ങളോളം പിടിച്ചിട്ട് ചെങ്കല്‍ തൊഴിലാളികളെക്കൂടി പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്നാണ് പരാതി. വ്യവസായ മന്ത്രി അടക്കമുള്ളവരെ കണ്ട് പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് ചെങ്കല്‍ ക്വാറികള്‍ അടച്ചിട്ടുള്ള സമരമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കില്ലെന്നാണ് നിലപാട്. സംസ്ഥാനത്തെ ചെങ്കല്‍ ക്വാറികള്‍ അടച്ചിട്ടത് നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും.
Post a Comment