ഹിജാബ് ധരിച്ച് സൽവ ഫാത്തിമ കോക്പിറ്റിൽ : രാജ്യത്തെ ആദ്യത്തെ മുസ്ലീം വനിത പൈലറ്റ്, അഭിമാന നേട്ടം


ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെൽവ ഫാത്തിമ്മയുടെ വഴികൾ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. ആ വഴികൾ മുഴുവനും കല്ലും മുള്ളും നിറഞ്ഞതായിരുന്നു. ആ വഴികളിലൂടെ നടന്നാണ് സൽവ ഫാത്തിമ്മ തന്റെ സ്വപ്നം പൂർത്തീകരിച്ചത്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദിൽ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെൺകുട്ടിയായി സൽവ ഫാത്തിമ്മ മാറുകയായിരുന്നു.




ഹൈദരാബാദിലെ മൊ​ഗൽപുരയിൽ ബേക്കറി കടക്കാരന്റെ മകളായാണ് സെൽവ ഫാത്തിമ്മ ജനിച്ചത്. നാലുമക്കളിൽ മൂത്തയാളാണ് മുപ്പത്തിനാലുകാരിയായ സെൽവ ഫാത്തിമ്മ. ബേക്കറിയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മാത്രം വേണമായിരുന്നു വലിയൊരു കുടുംബത്തിന്റെ ചിലവുകൾ മുന്നോട്ട് പോകുവാൻ. പലപ്പോഴും ഫീസടക്കാനില്ലാതെ പഠനത്തിൽ മിടുക്കിയായ സെൽവ പഠനം നിർത്തേണ്ട സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്. മാലക്പെറ്റിൽ പഠിക്കുമ്പോൾ ഫീസടക്കാൻ ബുദ്ധിമുട്ടിയപ്പോൾ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ രണ്ടു വർഷത്തേക്കുള്ള ഫീസ് നൽകി പ്രിൻസിപ്പാളായ അലീഫിയ ഹുസൈനാണ് പഠനം മുന്നോട്ട് കൊണ്ടുപോകാൻ സഹായിച്ചതെന്ന് സെൽവ ഫാത്തിമ്മയുടെ പിതാവ് സൈദ് അഷ്ഫാഖ് അഹമ്മദ് പറയുന്നു. മകളൊരു അദ്ഭുതം നിറഞ്ഞ കുട്ടിയാണെന്നാണ് പിതാവിന്റെ ഭാഷ്യം.

തുടർപഠനത്തിലും ഫീസടയ്ക്കാൻ പണമില്ലാതെ പഠനം ഉപേക്ഷിക്കേണ്ടതിന്റെ വക്കിലെത്തിയിട്ടുണ്ടെന്ന് ആ പിതാവ് പിന്നെയും ഓർത്തെടുക്കുന്നുണ്ട്. മെഹ്ദി പട്ടണത്ത് സെന്റ് ആൻസ് കോളേജിൽ പഠിക്കുമ്പോഴും സെൽവ ഫാത്തിമ്മക്ക് ഫീസിന് പണമുണ്ടായിരുന്നില്ല. ഇവിടെയുള്ള ബോട്ടണി പ്രൊഫസറായ സം​ഗീതയാണ് വീണ്ടും വഴിത്തിരിവായത്. അവരെന്നെ ഒരിയ്ക്കലും പഠിപ്പിച്ചിട്ടില്ല. ഞാനവരെ വ്യക്തിപരമായി അറിയുകയുമില്ല. പക്ഷേ ദൈവത്തിന്റെ സമ്മാനമായിരുന്നു അവർ. സെൽവ ഫാത്തിമ്മ പറയുന്നു. നിലവിൽ തെലങ്കാന ഏവിയേഷൻ അക്കാദമിയിലെ ആദ്യ വനിതാ ഓഫീസറാണ് സെൽവ.

എനിക്ക് എല്ലായ്പ്പോഴും പൈലറ്റ് ആവാനായിരുന്നു ആ​ഗ്രഹം. പക്ഷേ ഒരു വിമാനടിക്കറ്റ് എടുക്കാൻ പോലും കഴിവുണ്ടായിരുന്നില്ല. ഇന്ന് ‍ഞാൻ പൈലറ്റിന്റെ സീറ്റിലാണിരിക്കുന്നത്.ഒരു ചെറുപുഞ്ചിരിയോടെ സെൽവ പറയുന്നു. നിലവിൽ രണ്ടു മക്കളുടെ മാതാവു കൂടിയാണ് സെൽവ ഫാത്തിമ്മ. ഇളയമകൾക്ക് ആറുമാസം മാത്രമാണ് പ്രായം.എങ്കിലും കോക്പിറ്റിലിരിക്കുമ്പോൾ സെൽവ മറ്റൊന്നും ചിന്തിക്കാറില്ല. ഈ വഴിയിൽ ഞാനൊറ്റക്കല്ല, പലരുടേയും സഹായമാണ് ഈ വഴികളിലേക്ക് എന്നെ എത്തിച്ചതെന്നും സെൽവ പറയുന്നു.

Post a Comment

Previous Post Next Post
Paris
Paris