കരിപ്പൂർ : കേരളത്തില്‍ നിന്നുള്ള 2023 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പ്രധാന ക്യാമ്പ് കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ ക്രമീകരിക്കാനും കണ്ണൂര്‍, കൊച്ചി മേഖലകളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കാനും ധാരണയായി. ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തിനായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും, സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.
ഇത്തവണ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളാണ് കേന്ദ്രം അനുവദിച്ചത്. കോഴിക്കോട്, കൊച്ചി, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. തീര്‍ത്ഥാടകരില്‍ നല്ലൊരു ശതമാനം കോഴിക്കോട്, മലപ്പുറം മേഖലകളില്‍ നിന്നായതുകൊണ്ടും ഹജ്ജ് ഹൗസിലെ സൗകര്യങ്ങള്‍ കണക്കിലെടുത്തുമാണ് കരിപ്പൂരില്‍ പ്രധാന ഹജ്ജ് ക്യാമ്പ് നിശ്ചയിച്ചത്.
എംബാര്‍ക്കേഷന്‍ പോയിന്റുകളിലേയും ക്യാമ്പുകളിലേയും പ്രവര്‍ത്തനത്തിന് അതത് ജില്ലാ കളക്ടര്‍മാര്‍ കൂടി മേല്‍നോട്ടം വഹിക്കേണ്ടതാണെന്ന് ബഹു. മന്ത്രി നിര്‍ദ്ദേശിച്ചു. വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എയര്‍പ്പോര്‍ട്ട് അതോറിറ്റികളുമായി കളക്ടര്‍മാര്‍, എം.എല്‍.എമാരുടെയും ഹജജ് കമ്മിറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റിയുമായി മന്ത്രി ഫെബ്രുവരി 14 ന് പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു.
ഹജ്ജുമായി ബന്ധപ്പെട്ട് കണ്ണൂര്‍ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ ബജറ്റില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യം, ഗതാഗതം, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്ത അപേക്ഷകര്‍ക്ക് ഇത്തവണ തീര്‍ത്ഥാടനത്തിന് അവസരമുണ്ടാകില്ല. രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കാനുള്ളവര്‍ക്ക് പ്രത്യേക വാക്‌സിന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. കഴിഞ്ഞ തവണ പ്രൈവറ്റ് ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോയ ചില തീര്‍ത്ഥാടകര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ഇത്തവണ അത്തരം സാഹചര്യം ഒഴിവാക്കാന്‍ ഹജജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് ഗ്രൂപ്പുകളുടെ ഒരു പ്രത്യേക യോഗം വിളിച്ച് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ബഹു. മന്ത്രി നിര്‍ദ്ദേശിച്ചു.
ഹജ്ജ് സംഘാടക സമിതി രൂപീകരണത്തിലും, ഹജ്ജ് ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടാകണം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കുറ്റമറ്റ സൗകര്യം ഒരുക്കാനും മേല്‍നോട്ടത്തിനുമായി സൗദിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കാന്‍ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment