മാവൂർ: ലക്ഷങ്ങൾ
ചിലവഴിച്ച് നിർമ്മിച്ച മാവൂരിലെ മത്സ്യ- മാംസ മാർക്കറ്റ് അടഞ്ഞുകിടക്കുന്നത് ഭരണ സമിതി യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിച്ചതിൽ പ്രധിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെ പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു.
മാസങ്ങളായി മാർക്കറ്റ് അടഞ്ഞു കിടക്കുന്ന വിഷയം ഭരണ സമിതി യോഗത്തിൽ അജണ്ടയായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തെ എട്ട് അംഗങ്ങൾ ഒപ്പിട്ട് സെക്രട്ടറിക്ക് മുൻകൂട്ടി കത്ത് നൽകിയിരുന്നുവെങ്കിലും ഭരണ സമിതി യോഗത്തിൽ പ്രസ്തുത വിഷയം അജണ്ടയായി ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ പ്രധിഷേധിച്ചാണ് പ്രതിപക്ഷം ഭരണസമിതി യോഗം ബഹിഷ്ക്കരിച്ച് പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചത്.
മത്സ്യ - മാംസ മാർക്കറ്റിലെ കച്ചവടക്കാരെല്ലാം മാർക്കറ്റ് ഉപേക്ഷിച്ചു പോയതോടെ ദുർഗന്ധം വമിക്കുന്ന ഇടമായി മാർക്കറ്റ് മാറി. വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാനുള്ള നടപടി ഗ്രാമപഞ്ചായത്തിൽ നിന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രസ്തുത വിഷയം അജണ്ടയായി ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഇതിനോട് നിഷേധാത്മക സമീപനമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഭാഗത്ത് നിന്നും ഉണ്ടായതെന്നും അവർ കുറ്റപ്പെടുത്തി.
ഭരണ സമിതി യോഗം കഴിയുന്നത് വരെ മീറ്റിംഗ് ഹാളിൽ ഇടത് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ചു. തുടർന്ന് മാവൂരിൽ പ്രതിഷേധ യോഗം ചേർന്നു. സി.പി.ഐ.എം കണ്ണിപറമ്പ് ലോക്കൽ സെക്രട്ടറി സുരേഷ് പുതുക്കുടി, എ.പി മോഹൻദാസ്, ശുഭ ശൈലേന്ദ്രൻ എന്നിവർ സംസാരിച്ചു. കെ ഉണ്ണികൃഷ്ണൻ, നന്ദിനി, രജിത, മിനി, പ്രസന്നകുമാരി എന്നിവർ നേതൃത്വം നൽകി.
Post a Comment