കരിപ്പൂർ വിമാന താവളത്തിലെ റൺവേ റീ ടാറിങ് പുരോഗമിക്കുന്നു. മൂന്നു പാളികളായി നടത്തുന്ന ടാറിങ്ങിന്റെ ആദ്യ ഘട്ടമാണ് നടക്കുന്നത്. ഒന്നരക്കിലോമീറ്ററിലേറെ നീളത്തിൽ പൂർത്തിയായി. ആദ്യ ഘട്ടത്തിന് ശേഷം ഗ്ലാഡ് ഗ്രിഡ് വിരിച്ചാകും ടാറിങ് നടത്തുക.
റൺവേയുടെ മധ്യ ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും സുരക്ഷിതമായി വിമാനമിറക്കാനാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. മൊത്തം 2860 മീറ്റർ നീളമാണ് റൺവേയ്ക്കുള്ളത്. മേയ് ആദ്യവാരത്തോടെ റീ ടാറിങ് പൂർത്തിയാക്കാനാണ് ശ്രമം. 56 കോടി രൂപ ചെലവിട്ടാണ് റീ ടാറിങ് നടത്തുന്നത്. ജനുവരി 25-ഓടെയാണ് റീകാർപറ്റിങ് പ്രവൃത്തി ആരംഭിച്ചത്. 11 മാസമാണ് പൂർത്തീകരണത്തിന് വിമാനത്താവള അതോറിറ്റി സമയപരിധി നിശ്ചയിച്ചത്. നിശ്ചയിച്ചതിലും നേരത്തെ മേയിൽത്തന്നെ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് കരാർ ഏറ്റെടുത്ത എൻ.എസ്.സി. കമ്പനി ടെക്‌നിക്കൽ വിഭാഗം ഡയറക്ടർ ആർ.കെ. അഗർവാൾ എം.കെ. രാഘവൻ എം.പി.യുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. റൺവേയുടെ ഇരു വശങ്ങളിലും റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്. 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ സാമൂഹികാഘാതപഠനമാണ് ഇപ്പോൾ നടക്കുന്നത്.
Post a Comment