കൂടരഞ്ഞി ∙ കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വീണ്ടും കരുതലും കാരുണ്യവുമായി പ്രവർത്തന മികവിന്റെ മാതൃക തീർക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ 2 ലക്ഷം രൂപ സമാഹരിച്ച് ബാങ്കിൽ അടച്ച് ആധാരം തിരിച്ചെടുത്ത് നൽകിയിരുന്നു. 4 മാസത്തിനു ശേഷം ആ കുടുംബത്തിനു വീട് നിർമിച്ചു നൽകി വീണ്ടും കൈത്താങ്ങായി.
നിർധന കുടുംബാംഗമായ സഹപാഠിയുടെ പിതാവ് വീട് പണിയാനാണ് ആധാരം വച്ച് ബാങ്ക് വായ്പ എടുത്തത്. എന്നാൽ പിതാവ് രോഗബാധിതനായതോടെ വീട് വയ്ക്കാനും കടം വീട്ടാനും സാധിച്ചില്ല. അദ്ദേഹം മരിച്ചതോടെ അനാഥമായ കുടുംബത്തിന്റെ സങ്കടം ‘സ്നേഹപൂർവം’ സ്കോളർഷിപ് പദ്ധതിയുടെ വിവര ശേഖരണ സമയത്താണ് ക്ലാസ് അധ്യാപിക അറിയുന്നത്. വിവരം സ്കൂൾ എൻഎസ്എസ് യൂണിറ്റുമായി പങ്കുവയ്ക്കുകയും ബാധ്യത തീർത്ത് ബാങ്കിൽനിന്ന് ആധാരം എടുത്ത് കുടുംബത്തിനു കൈമാറുകയുമായിരുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ എൻഎസ്എസ് സംസ്ഥാന ഓഫിസർ ഡോ.ആർ.എൻ. അൻസാർ സ്വപ്നവീടിന്റെ താക്കോൽ ക്ലാസ് അധ്യാപികയ്ക്കു കൈമാറി. സ്വപ്നക്കൂട് പദ്ധതിയിൽ എൻഎസ്എസ് യൂണിറ്റ് നിർമിച്ച് നൽകിയ അഞ്ചാമത്തെ വീടാണിത്.പിടിഎ പ്രസിഡന്റ് വിൽസൻ പുല്ലുവേലിൽ അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് ഉത്തര മേഖല കൺവീനർ മനോജ് കുമാർ കണിച്ചുകുളങ്ങര, മർക്കസ് അഡീഷനൽ ഡയറക്ടർ മുഹമ്മദ് ഷരീഫ്, എൻഎസ്എസ് ജില്ലാ കൺവീനർമാരായ എസ്.ശ്രീജിത്, എം.കെ.ഫൈസൽ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ സില്ലി ബി.കൃഷ്ണ, പ്രിൻസിപ്പൽ കെ.അബ്ദുൽ നാസിർ, പ്രധാനാധ്യാപകൻ പി.മുഹമ്മദ് ബഷീർ, പ്രോഗ്രാം ഓഫിസർ വി.കെ.അബ്ദു സലാം, തോമസ് വലിയപറമ്പൻ, കെ.കെ.അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.p
Post a Comment