തീർഥാടനത്തിനു മുൻപായി ഹജ് കമ്മിറ്റി മുഖേന സൗദി റിയാൽ നൽകുന്ന രീതി ഇത്തവണ ഒഴിവാക്കിയത് പ്രയാസമുണ്ടാക്കുമെന്ന് ഹജ് അപേക്ഷകർ. കുറഞ്ഞ നിരക്കിൽ സൗദി റിയാൽ കിട്ടാൻ ഹജ് ക്യാംപുകളിലോ വിമാനത്താവളങ്ങളിലോ വിനിമയസംവിധാനം ഒരുക്കണമെന്നും ആവശ്യമുണ്ട്.
തിരഞ്ഞെടുക്കുന്നവർക്ക് യാത്രയ്ക്ക് മണിക്കൂറുകൾക്കു മുൻപ് 2,100 റിയാൽ ഹജ് ക്യാംപിൽനിന്നു വിതരണം ചെയ്യാറുണ്ട്. തുല്യമായ ഇന്ത്യൻ രൂപ തീർഥാടകരിൽനിന്ന് നേരത്തേ ഈടാക്കിയാണ് ഇതു നൽകുന്നത്. കുറഞ്ഞ നിരക്കിൽ ടെൻഡർ വിളിച്ചാണ് നാണയ വിനിമയ കരാർ ബാങ്ക് മുഖേന ഉറപ്പിക്കാറുള്ളത്.
ഇതു തീർഥാടകർക്ക് ആശ്വാസകരമാണ്. സ്വകാര്യ സംവിധാനങ്ങൾ വഴി റിയാൽ മാറ്റിയെടുക്കുമ്പോൾ കൂടുതൽ തുക നൽകേണ്ടിവരും.സൗദിയിൽ പലയിടത്തും തീർഥാടകർക്ക് സ്വന്തം നിലയിൽ ചെലവു വരാറുണ്ട്. പ്രധാനമായും യാത്രാ ആവശ്യങ്ങൾക്കാണ് റിയാൽ വേണ്ടിവരിക.
പുണ്യകേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള യാത്രയ്ക്കും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനുമാണ് ഈ തുക പലരും ഉപയോഗിക്കാറുള്ളത്. ബലികർമത്തിനും വിനിയോഗിക്കും. എന്നാൽ, ഇത്രയും വലിയ തുക തീർഥാടകർക്ക് ആവശ്യം വരാറില്ല എന്നതും ഈ തുക മുൻകൂട്ടി അടയ്ക്കുന്നത് പലർക്കും പ്രയാസമുണ്ടാക്കുമെന്നും കണ്ടാണ് ഇത്തവണ റിയാൽ നൽകുന്ന രീതി ഒഴിവാക്കിയത്.
ഒന്നിച്ചടയ്ക്കുന്ന തുകയിൽ ഏകദേശം അര ലക്ഷം രൂപ കുറയും എന്നതും ചിലർക്ക് ആശ്വാസമാകും.എന്നാൽ, സൗദിയിൽ അധികം വരുന്ന പല ചെലവുകൾക്കും തീർഥാടകർ റിയാൽ കൈവശം വയ്ക്കേണ്ടിവരും. റിയാൽ ലഭിക്കാൻ കുടുതലായി ഇന്ത്യൻ രൂപ നൽകേണ്ടിവരുമെന്ന ആശങ്കയാണിപ്പോൾ.
ഹജ് കമ്മിറ്റി മുഖേന ടെൻഡർ വിളിച്ച് നിരക്കു നിശ്ചയിക്കുമ്പോൾ കുറഞ്ഞ വിനിമയ നിരക്കു നൽകിയാൽ മതിയാകുമെന്ന് ഹജ് അപേക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2100 റിയാൽ ഇല്ലെങ്കിലും ആവശ്യക്കാർക്ക് ഹജ് ക്യാംപിൽനിന്ന് ഇന്ത്യൻ രൂപ നൽകി സൗദി റിയാൽ കൈപ്പറ്റുന്ന ക്രയവിക്രയത്തിനു ബാങ്ക് മുഖേനയോ മറ്റോ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.
Post a Comment