സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ പാസാക്കേണ്ടതില്ലെന്ന നിർദേശം ധനകാര്യവകുപ്പ് ട്രഷറി ഡയറക്ടർക്ക് നൽകി. അതിനു മുകളിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ സർക്കാറിന്‍റെ പ്രത്യേക അനുമതി വാങ്ങണം. നിലവിൽ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ ട്രഷറി മുഖേന പാസാക്കി നൽകുമായിരുന്നു. അതാണ് 10 ലക്ഷമാക്കി കുറച്ചത്.
ഇതിനാവശ്യമായ മാറ്റങ്ങൾ സോഫ്റ്റ് വെയറിൽ വരുത്തിയിട്ടുണ്ടെന്നും അതിനനുസൃതമായ നടപടി സ്വീകരിക്കാൻ ട്രഷറി ഓഫിസർമാർക്ക് നിർദേശം നൽകണമെന്നും ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം ട്രഷറി ഡയറക്ടർക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴാണ് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിലേക്ക് ധനകാര്യ വകുപ്പ് നീങ്ങുന്നതെന്ന് വ്യക്തം. മാർച്ച് 31ന് ഈ സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂടുതൽ രൂക്ഷമാകുന്നെന്നാണ് ഈ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
Post a Comment