കീഴുപറമ്പ് സി.എച്ച് ക്ലബ് സംഘടിപ്പിച്ച ഉത്തരമേഖലാ ജലോത്സവം കൂട്ടത്തല്ലില്‍ കലാശിച്ചു. ഫൈനല്‍ നടത്താന്‍ കഴിയാതെ നറുക്കിടുകയും മൂന്ന് ടീമുകളെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. നൂറുകണക്കിന് കാണികള്‍ ചിതറിയോടുന്നതും വലിയ മതിലിനു മുകളില്‍ നിന്നും ആളുകള്‍ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
പി.കെ. ബഷീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിപാടി ആഘോഷപൂര്‍വ്വമാണ് നാട്ടുകാരും കാണികളും ഏറ്റെടുത്തത്. സെമി ഫൈനലില്‍ വി. വൈ.സി വാവൂരും കര്‍ഷകന്‍ ഓത്ത് പള്ളിപ്പുറായയും തമ്മില്‍ നടന്ന മല്‍സരത്തെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു. തുടര്‍ന്ന് ട്രാക്കില്‍ പ്രതിഷേധവുമായി തുഴച്ചിലുകാര്‍ പ്രതിഷേധിച്ചു.
ഫൈനല്‍ നടത്താന്‍ കഴിയാതായതോടെ നറുക്കിട്ട് വിജയികളെ പ്രഖ്യാപിച്ചു. തുടര്‍ന്ന് നടന്ന സമ്മാനദാനച്ചടങ്ങിനിടെയാണ് അടി തുടങ്ങിയത്. രണ്ടാം സ്ഥാനം ലഭിച്ച മൈത്രി വെട്ടുപാറയുടെ തുഴച്ചിലുകാരന്‍ ഫവാസിനെ സ്റ്റേജില്‍ കയറിയപ്പോള്‍ തള്ളി താഴെ ഇട്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.
സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ ലാത്തി വീശിയതോടെ ജനം ചിതറിയോടി. വലിയ മതിലിനു മുകളില്‍ നിന്ന് നിരവധി പേരാണ് താഴേക്ക് പതിച്ചത്. തുഴച്ചിലുകാര്‍ക്കും കാണികള്‍ക്കും സ്ത്രീകള്‍ക്കും പരിക്കേറ്റതായാണ് വിവരം. ഇലക്ട്രിക് ലൈറ്റും മറ്റ് സംവിധാനങ്ങളും ആളുകളുടെ ഇടയിലേക്ക് മറിഞ്ഞുവീണു. പുഴയോരത്ത് ജനം ചിതറിയോടിയത് ആശങ്ക പരത്തി.
Post a Comment