തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഒരു മാസത്തിനിടെ രണ്ടു സെമസ്റ്റർ പരീക്ഷകള്‍ നടത്തി വിദ്യാർഥികളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. കാലിക്കറ്റ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷന്‍റെ എം.എ മലയാളം പരീക്ഷ സംബന്ധിച്ചാണ് പരാതിയുയരുന്നത്. 2020-21 ബാച്ചിലെ വിവിധ സെന്ററിലുള്ള വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വിദ്യാർഥികള്‍ സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതി, പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടാൻ പരീക്ഷാ കൺട്രോളർക്ക് നിർദേശം നൽകി.
കോഴ്‌സ് തുടങ്ങി ആദ്യവർഷം യൂണിവേഴ്സിറ്റി പരീക്ഷകളൊന്നും നടത്തിയിരുന്നില്ല. തുടർന്ന് 2022-23 ലാണ് രണ്ടു സെമസ്റ്ററുകളുടേയും പരീക്ഷ നിശ്ചയിച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷ 2023 ജനുവരി 31-ന് തുടങ്ങി ഫെബ്രുവരി 9-ന് അവസാനിച്ചിരുന്നു. തുടർന്ന് ഏഴ് ദിവസത്തിന് ശേഷം ഫെബ്രുവരി 16-നാണ് രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള വിജ്ഞാപനം വന്നത്. അതിനുശേഷം 12 ദിവസം കഴിഞ്ഞ് മാർച്ച് ഒന്നിന് പരീക്ഷ ആരംഭിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
അധ്യാപകരും അഭിഭാഷകരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വിവിധ കമ്പനികളിൽ ജോലിചെയ്യുന്നവരുമടക്കം നിരവധി പേരാണ് എം.എ മലയാളം കോഴ്‌സിൽ വിദ്യാർഥികളായുള്ളത്. ഇവർക്കൊന്നും രണ്ടാം പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള സമയം ലഭിച്ചിട്ടില്ല. കൃത്യസമയത്ത് നടത്താതെ ഏപ്രിലിൽ ഒന്നിച്ചുനടത്തി പരീക്ഷകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ധൃതി കൂട്ടിയുള്ള പരീക്ഷകൾക്കെതിരെ വിദ്യാർത്ഥികൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ കൺടോളർക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതിന്മേൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടാകാതെ വന്നതോടെ ഒരുകൂട്ടം വിദ്യാർത്ഥികൾ വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 27 തിങ്കളാഴ്ച 11 മണിക്ക് പരീക്ഷാ കൺട്രോളർ ഹർജിക്കരുടെ പരാതി നേരിൽകേള്‍ക്കണമെന്നും അന്നുതന്നെ ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തീരുമാനം അനുകൂലമാകാത്തപക്ഷം നിയമനടപടികൾ തുടരാനാണ് വിദ്യാത്ഥികളുടെ തീരുമാനം.
Post a Comment