അടുത്ത അധ്യയന വർഷം മുതൽ സ്‌കൂളുകൾക്ക് ഗ്രേഡിംഗ് നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി


 തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഗ്രേഡിംഗ് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ വിജയശതമാനം, കലാ കായിക രംഗങ്ങളിലെ പ്രവർത്തനം, അച്ചടക്കം, സാമൂഹിക വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി അൻപതോളം വിഷയങ്ങളിലെ പ്രകടനം വിലയിരുത്തി സ്‌കൂളുകൾക്ക് ഗ്രേഡ് നൽകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എംഎൽഎ എഡ്യുകെയർ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 




സ്‌കൂളുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. അധ്യാപക സംഘടനകളോടും രാഷ്ട്രീയപാർട്ടികളോടും ഇത് സംബന്ധിച്ച ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. അധ്യാപകർ തമ്മിലുള്ള തർക്കം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. 
 
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷാകർത്താക്കളെയും കൂട്ടി യോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദ പദ്ധതിയാണ് എംഎൽഎ എഡ്യുകെയർ. ഓരോ വിദ്യാർത്ഥിയുടെയും വിദ്യാഭ്യാസ പുരോഗതിയിൽ ജനപ്രതിനിധി നേരിട്ട് ഇടപെട്ടുകൊണ്ട് കുട്ടികളുടെ പഠനനിലവാരം ഉയർത്താനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻഡ്യൻ ഓയിൽ കോർപറേഷൻ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു സമാർട്ട് പിടിഎ ഒരുക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിലെ 59 സ്‌കൂളുകൾക്കും 25000 ത്തോളം വിദ്യാർഥികൾക്കും പദ്ധതിയുടെ ഗുണം ലഭിക്കും. പാരന്റൽ കെയർ, ടീച്ചർ മെന്ററിംഗ് എന്നിവ ഉൾപ്പെടുത്തി ഒരു ഹൈബ്രിഡ് അക്കാഡമിക് കണ്ടിന്യൂയിറ്റി സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ മാധവ ദാസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി സി കൃഷ്ണകുമാർ, ഐഒസി ജനറൽ മാനേജർ സഞ്ജീവ് ബഹ്‌റ, മറ്റ് ഉദ്യോഗസ്ഥർ, പ്രഥമാധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

Previous Post Next Post
Paris
Paris