മുംബൈ: റിപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്. റീപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചതോടെ ആകെ 6.5 ശതമാനമായി. ഇതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ വീണ്ടും കൂടും. ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
ഒൻപത് മാസത്തിനിടെ ഇത് തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്. ഈ സാമ്പത്തിക വർഷം ഇതിനു മുൻപ് 5 തവണയാണ് റിസർവ് ബാങ്കിന്റെ പണ വായ്പാ നയ അവലോകന യോഗം ചേർന്നത്. അഞ്ച് തവണയും റീപ്പോ നിരക്ക് ഉയർത്തിയിരുന്നു. മൊത്തം 2.25 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. 2022 മേയ് മാസത്തിൽ 0.4 ശതമാനവും ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ 0.50 ശതമാനവും ഡിസംബറിൽ 0.35 ശതമാനവുമാണ് കൂട്ടിയത്. ഇതിനു പിന്നാലെയാണ് ആറാം തവണയും നിരക്ക് വർധിപ്പിച്ചത്.
വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. റീപ്പോ നിരക്കിനു പകരം റിവേഴ്സ് റീപ്പോ നിരക്ക് കൂട്ടുമെന്നും വാദമുയർന്നിരുന്നു
എന്താണ് റിപ്പോ നിരക്ക്?
വായ്പാ ഡിമാൻഡ് കൂടുമ്പോൾ കയ്യിൽ പണം ഇല്ലെങ്കിൽ ആർബിഐ ബാങ്കുകൾക്കു കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റീപ്പോ
എന്താണ് റീവേഴ്സ് റിപ്പോ?
വായ്പ നൽകാൻ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യിൽ കുമിഞ്ഞുകൂടിയാൽ ആർബിഐ അതു നിക്ഷേപമായി സ്വീകരിക്കും. അതിനു ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റീപ്പോ
Post a Comment