റിയാദ്:സൗദിയില്‍ ഡ്രൈവര്‍ വിസയിലെത്തുന്ന വിദേശികള്‍ക്ക് മൂന്ന് മാസത്തേക്ക് മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുമതി. സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് മാതൃരാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനാണ് അനുമതി. പരമാവധി മൂന്ന് മാസത്തേക്കാണ് നിയമപരമായി ഈ അനുമതിയുള്ളത്.
നിശ്ചിത കാലയലളവിനുള്ളില്‍ സൗദി ട്രാഫിക് ലൈസന്‍സ് നേടണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് അറബി ഭാഷയില്‍ തര്‍ജമ ചെയ്ത് കൈവശം സൂക്ഷിക്കണം. ഇത് അംഗീകൃത ട്രാന്‍സ്ലേഷന്‍ സെന്റര്‍ സാക്ഷ്യപ്പെടുത്തുകയും വേണം.
സൗദിയില്‍ പ്രൈവറ്റ് ഡ്രൈവിംഗ് ലൈസന്‍സ്, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെ ആറു വിഭാഗങ്ങളിലായാണ് ലൈസന്‍സ് അനുവദിക്കുന്നത്. ഇതിന് തുല്യമായ ലൈസന്‍സ് നേടിയവര്‍ക്ക് അതേ വിഭാഗത്തിലുള്ള വാഹനങ്ങള്‍ ഓടിക്കാനാണ് അനുമതിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
Post a Comment