കോഴിക്കോട് : _പുതുവർഷം പിറന്ന് മൂന്ന് മാസം, പുറംലോകമറിഞ്ഞത് 92 രാസലഹരി കേസുകൾ. ഇരകളിൽ ഏറെയും 25 വയസിൽ താഴെ വരുന്ന പെൺകുട്ടികൾ. ജില്ലയിൽ ലഹരി മാഫിയ പിടിമുറുക്കിയതിന് ഇതിനപ്പുറം എന്തു തെളിവു വേണം. കഴിഞ്ഞ വർഷം ഇതേസമയം 48 കേസുകൾ മാത്രമുണ്ടായപ്പോൾ ഈ വർഷം ഇരട്ടിയായെന്ന് എക്സൈസ് പറയുന്നു. പിടികൂടിയവയിൽ ഏറ്റവുമധികം എം.ഡി.എം.എ കേസുകളാണ്. ഗ്രാമിന് പതിനായിരത്തിലധികം രൂപയാണ് ഇതിന്റെ വില. എൽ.എസ്.ഡി, ബ്രൗൺഷുഗർ, ഹാഷിഷ്, ഹെറോയിൻ തുടങ്ങിയവയുമുണ്ട്. ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ 2023 ലെ കണക്കുപ്രകാരം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 40 പേരാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളും യുവാക്കളുമാണ് അറസ്റ്റിലായവരിൽ കൂടുതൽ.
കഞ്ചാവ് കേസുകളും കുറവല്ല. 45 കിലോ കഞ്ചാവും ഈ മാസത്തിനുള്ളിൽ ജില്ലയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 14185 ലിറ്റർ വാഷും, 2.1670 മെത്താഫിറ്റമിനും 144.5 ലിറ്റർ ചാരായവും പിടികൂടിയവയിൽ പെടുന്നു. മയക്കുമരുന്നിന് പുറമെ മദ്യക്കേസുകളുടെ എണ്ണവും ഉയർന്നു നിൽക്കുകയാണ്. 1154 ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യമാണ് ഈ വർഷം തുടക്കത്തിൽ പിടിച്ചെടുത്തത്. 447 അബ്കാരി കേസുകളും 711 നിരോധിത പുകയില കേസുകളും റിപ്പോർട്ട് ചെയ്തു.
ശക്തമായ നടപടിയും ശിക്ഷയും ഇല്ലാത്തതാണ് രാസലഹരി വിൽപ്പനയും ഉപയോഗവും കൂടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ലഹരി ഉപയോഗിച്ചുള്ള അക്രമങ്ങളും ദിനംപ്രതി വർദ്ധിക്കുകയാണ്. പലപ്പോഴും പിടിക്കപ്പെടുന്നത് ചെറുകിട വിൽപ്പനക്കാരും ഉപഭോക്താക്കളും മാത്രം.
പെൺകുട്ടികളിൽ ലഹരി ഉപയോഗം വൻ തോതിൽ കൂടിയിട്ടുണ്ടെന്നാണ് എക്സെെസും നാർക്കോട്ടിക് സെല്ലും വ്യക്തമാക്കുന്നത്. കൂടുതലും ഇരകളാകുന്നത് 21 വയസിന് താഴെയുള്ളവർ. ഇതിൽ 40 ശതമാനം പേർ 18 വയസിന് താഴെയുള്ളവരാണ്. നേരത്തെ കോളേജുകളാണ് ലഹരിമാഫിയ നോട്ടമിട്ടിരുന്നതെങ്കിൽ ഇപ്പോൾ സ്കൂളുകളാണ് ഹബ്ബാക്കി മാറ്റുന്നത്.പെൺകുട്ടികളുമായി സൗഹൃദം നടിച്ച് അടുത്തുകൂടി ലഹരി ഉപയോഗിക്കാനും കാരിയാറാകാനും പ്രേരിപ്പിക്കുകയാണ്. 13 വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പലരും ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും എക്സെെസ് പറയുന്നു
ഏഴാംക്ലാസു മുതൽ എം.ഡി.എം.എ ഉപയോഗിക്കാറുണ്ടെന്നും ലഹരി സംഘം തന്നെ കാരിയറായി ഉപയോഗിച്ചെന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒൻപതാംക്ലാസുകാരി വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കൾ സ്കൂളിൽ മയക്കു മരുന്ന് എത്തിക്കുകയും പിന്നീട് കാരിയറാകാൻ ആവശ്യപ്പെടുകയുമായിരുന്നു
കഴിഞ്ഞ ദിവസം രാസവസ്തു കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച കുന്ദമംഗലം സ്വദേശിയായ വിദ്യാർത്ഥിനിയും ലഹരിയ്ക്ക് അടിമപ്പെട്ടിരുന്നു. സംഭവത്തിൽ കുട്ടിയുടെ മൊഴിയെടുക്കാനെത്തിയ പൊലീസിനോട് താൻ എട്ടുമാസമായി ലഹരി ഉപയോഗിക്കുന്നതായാണ് മൊഴി നൽകിയത്.
'ആൺ-പെൺ വ്യത്യാസമില്ലാതെ ലഹരി ഉപയോഗം കൂടുകയാണ്. പല രീതികളിലാണ് ലഹരിയുടെ ഉപയോഗവും വിപണനവും. വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചാണ് ഇവർ പ്രവർത്തിക്കുന്നത്. അടുത്ത അദ്ധ്യയന വർഷം ആരംഭിക്കുമ്പോഴേക്കും സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിന് ഒരു പരിധി വരെ തടയിടാനാകണം. അതിനായി സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തും.'' പ്രകാശൻ സി. പടന്നയിൽ , നാർക്കോട്ടിക്സ് എ.സി.പി, കോഴിക്കോട്
Post a Comment