കോഴിക്കോട് : മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഇനി ആധുനിക സൗകര്യങ്ങളോടെ പണിത ഏഴുനില കെട്ടിടത്തിൽ പ്രവർത്തിക്കും. നാളെ വെെകീട്ട് 5.30ന് അറോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ പങ്കെടുക്കും.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷ യോജന പദ്ധതി (പി.എം.എസ്.എസ്.വെെ) പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 195 കോടി ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമ്മിച്ചത്.അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സർജറി, കാർഡിയാക് സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സർജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക.
430 കട്ടിലുകളാണ് അ ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. എം.ആർ.ഐ/ സി.ടി സ്‌കാൻ, അൾട്രാസൗണ്ട് എക്സറേ, ഫാർമസി, ബ്ളഡ് സ്റ്റോറേജ്, ഇ.സി.ജി /പ്ലാസ്റ്റർ റൂം, ഐ.സി.യു, പുരുഷൻമാരുടെയും സ്ത്രീകളുടെയും ഒബ്സർവേഷൻ വാർഡുകൾ, ട്രയാജ്, പ്ലാസ്റ്റർ തുടങ്ങിയ സൗകര്യങ്ങൾ താഴെ നിലയിൽ ഒരുക്കിയിട്ടുണ്ട്. എമർജൻസി മെഡിസിൻ ഡിപ്പാർട്ട്‌മെന്റ് , അഞ്ച് ഓപ്പറേഷൻ തിയറ്ററുകൾ , ഡിസീസ്ഡ് ഡോണർ ട്രാൻസ്‌പ്ളാന്റ് ഐ.സി.യു എന്നിവായാണ് ഒന്നാം നിലയിൽ. രണ്ടും മൂന്നും നിലകളിൽ സർജിക്കൽ ഗ്യാസ്‌ട്രോ, സി.വി.ടി.എസ് , യൂറോളജി , പ്ലാസ്റ്റിക് സർജറി വാർഡുകളാണ്.
നാലാം നിലയിൽ ഹെഡ് ഇൻജുറി ഐ.സി,യു, യൂറോളജി ട്രാൻസ് പ്ളാന്റ് ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു എന്നിങ്ങനെ മൂന്ന് ഐ.സിയുകളും ന്യൂറോ സർജറി വാർഡുകളും അഞ്ചാം നിലയിൽ സർജിക്കൽ ഗ്യാസ്ട്രാ ഐ.സി.യു, പ്ലാസ്റ്റിക് സർജറി ഐ.സി.യു, ന്യൂറോ സർജറി ഐ.സി.യു, യൂറോളജി ഐ.സി.യു, സി.വി.ടി.എസ് ഐ.സി.യു 2 എന്നിങ്ങനെ 5 ഐ.സി.യുകളും ആറാം നിലയിൽ 14 ഓപ്പറേഷൻ തിയറ്ററുകളും, രണ്ട് ഐ.സി.യുകളുമാണുള്ളത്.കോംപ്ലക്സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടവും സജ്ജമാക്കിയിട്ടുണ്ട്.
Post a Comment