പാചക വില വർദ്ധനയിൽ വ്യാപക പ്രതിഷേധം; അടുക്കള പൂട്ടി ജനം സമരത്തിലേക്ക്

 കോഴിക്കോട് : ജനത്തിന്റെ നടുവൊടുക്കുന്ന പാചകവാതകവിലവർദ്ധനവിനെതിരെ നാടെങ്ങും വ്യാപക പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഹോട്ടൽ ഉടമാസംഘടനകളും പ്രതിഷേധവുമായി നിരത്തിലിറങ്ങി. എസ്.എഫ്.ഐ ഗ്യാസ് സിലിണ്ടർ റോഡിലൂടെ ഉരുട്ടി പ്രതിഷേധിച്ചപ്പോൾ ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വരും ദിവസങ്ങളിൽ അടുക്കളപൂട്ടിയിട്ടുള്ള സമരത്തിലേക്ക് നാടുനീങ്ങുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.




 ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് മാർച്ച് ഒന്നു മുതൽ കൂട്ടിയിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടറിന് ജനം 1110 രൂപ നൽകണം. ഇന്ധന സെസ് കൂട്ടിയതോടെ സംസ്ഥാനത്ത് വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുകയാണ്. ഇതിനിടെയാണ് ഇരുട്ടടിയായി പാചകവാതകത്തിന്റെ വിലയും കൂട്ടിയിരിക്കുന്നത്. ഗാർഹിക സിലിണ്ടറിനൊപ്പം വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയിരിക്കുന്നത്. ചെറുകിട ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ, കുടുംബശ്രീ നടത്തുന്ന ഹോട്ടലുകൾ എന്നിവയെ വില വർദ്ധന രൂക്ഷമായി ബാധിക്കും. വാണിജ്യ സിലിണ്ടറിന് വില കൂട്ടിയതോടെ ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാതെ പിടച്ചുനിൽക്കാനാവില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. മിൽമ പാൽ ലിറ്ററിന് 6 രൂപ കൂട്ടിയതോടെ ചായയുടെ വില 10ൽ നിന്ന് 12, 15 ആയി ഉയർന്നു. ഇന്ധന സെസ് ഉയർത്തിയതും ഭക്ഷണസാധനങ്ങൾക്ക് വില ഉയരാൻ കാരണമായി. ചെറുകടികൾക്ക് 10, 12, 15 എന്നിങ്ങനെയാണ് വില ഈടാക്കുന്നുത്. എവിടേയും ഏകീകകരിച്ച് വിലനിലവാരമില്ല. സാധാരണ ഹോട്ടലുകളിൽ പോലും ഊണിന് 50 മുതൽ 70 വരെയാണ് വില. അതിനിടെയാണ് പാചകവാതകത്തിന്റെ വില കൂടി ഉയർത്തിയിരിക്കുന്നത്. ഇത് ഭക്ഷണ സാധനങ്ങൾക്ക് വലിയ വിലവർദ്ധനവിന് ഇടയാക്കും.



Post a Comment

Previous Post Next Post
Paris
Paris