വയനാട് യാത്രക്കൊരുങ്ങുന്നവര്‍ ശ്രദ്ധിക്കുക; വിനോദസഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ; നിയന്ത്രണം കാട്ടുതീ പടരാനുള്ള സാധ്യതയെ തുടർന്ന്

വയനാട് വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികള്‍ക്ക് താൽക്കാലികമായി പ്രവേശനം നിരോധിച്ചു. മാർച്ച് 9 മുതൽ ഏപ്രിൽ 15 വരെയാണ് നിലവിലെ നിയന്ത്രണം. വേനൽ ശക്തമായതോടെ, 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനമേഖലയിൽ കാട്ടുതീ പടരാനുള്ള സാധ്യത ഏറെയാണ്‌. വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ 33 പ്രകാരം സംസ്ഥാനത്തെ കടുവകളുടെ പ്രധാന ആവാസ കേന്ദ്രമായ മുത്തങ്ങയിലെയും തോൽപ്പെട്ടിയിലെയും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികളുടെ പ്രവേശനം താൽകാലികമായി നിരോധിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റർ ഉത്തരവ് പുറപ്പെടുവിച്ചു.




ചൂടു കൂടിയതോടെ സമീപത്തുള്ള തമിഴ്‌നാട്ടിലെയും കർണാടകയിലെയും വനമേഖലകളിൽ നിന്ന് ധാരാളം വന്യമൃഗങ്ങൾ വെള്ളവും തീറ്റയും തേടി വയനാട്ടിലേക്ക് ചേക്കേറാൻ തുടങ്ങിയിട്ടുണ്ട്. ഇക്കോടൂറിസം മേഖലകളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചാൽ അത് വന്യമൃഗങ്ങൾക്ക് ശല്യമാകും. വേനൽച്ചൂടിനെ തുടർന്ന് വന്യജീവി സങ്കേതത്തിൽ കാട്ടുതീ ഭീഷണിയുമുണ്ട്. മുത്തങ്ങയിലും തോല്‍പ്പെട്ടിയിലും രാവിലെ ഏഴു മുതല്‍ പത്തുമണി വരെയും വൈകീട്ട് മൂന്നുമണി മുതല്‍ അഞ്ചുമണി വരെയുമുള്ള കാനനസവാരിയും നിര്‍ത്തിവച്ചു.ആനകള്‍ക്കും പുലികള്‍ക്കും പ്രശസ്തമാണ് വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം. വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരിക്കും മൈസൂരിനും ഇടയ്ക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്. നീലഗിരി ജൈവമണ്ഡലത്തിന്‍റെ ഭാഗമായ ഇവിടം, 1973 ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ബന്ദിപ്പൂർ ദേശീയോദ്യാനം, മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവയും വയനാട് വനപ്രദേശത്തോടു ചേര്‍ന്നാണ് കിടക്കുന്നത്. പടിഞ്ഞാറൻ ചുരങ്ങളുടെ ഭാഗമായ നീലഗിരിയും , വയനാട് സംരക്ഷണ കേന്ദ്രവും അടങ്ങുന്ന 6,000 ചതുരശ്ര കിലോമീറ്ററില്‍ അധികം വരുന്ന പ്രദേശം യുനെസ്കോയുടെ പൈതൃകസ്ഥലങ്ങളാക്കാനുള്ള നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.




Post a Comment

Previous Post Next Post
Paris
Paris