ചാത്തമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ബസ്സിൽ ഉല്ലാസയാത്ര നടത്തി. തോണിക്കടവ്, കരിയാത്തം പാറ, പെരുവണ്ണാമുഴി, അകലാപ്പുഴ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. 77 വയസ്സ് വരെ പ്രായമുള്ള പെൻഷൻ കുടുംബാംഗങ്ങളായ 49 പേരാണ് യാത്രയിൽ പങ്കാളികളായത്.
കെ.എസ്.ആർ.ടി.സി. ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർ പി.കെ.ബിന്ദുവിൻ്റെ സ്നേഹപൂർണമായ ഇടപെടലുകളും, ഡ്രൈവർമാരായ റോബിൻ ജോസിൻ്റെ മനോഹര ഗാനങ്ങളും, ഒ.പി.ഷംസുദ്ദീൻ്റെ മികച്ച സഹായങ്ങളും യാത്രയെ വൻ വിജയമാക്കി.
പാട്ടും ആട്ടവുമൊക്കെയായി പ്രായമായ യാത്രക്കാരെ ഉല്ലാസ ഭരിതരാക്കാൻ സകല പൊടിക്കൈകളും പ്രയോഗിക്കാൻ കഴിവും സന്നദ്ധതയുമുള്ള ഇത്തരം ജീവനക്കാരുള്ള ആനവണ്ടിയിൽ മതി ഇനിയുള്ള ഉല്ലാസയാത്രകളെന്ന് എല്ലാവരും ഉറപ്പിച്ചു പറഞ്ഞു. ശമ്പളവും പെൻഷനും മുടങ്ങി പ്രയാസമനുഭവിക്കുന്ന കെ.എസ്.ആർ.ടി.സി. ക്ക് കൈത്താങ്ങാവുക എന്ന താല്പര്യം കൂടി മുൻനിർത്തിയാണ് യാത്ര ആന വണ്ടിയിലാക്കിയത്. യൂണിറ്റ് ഭാരവാഹികളായ എം.കെ.വേണു, കെ.രാധാകൃഷ്ണൻ, കെ.ഭരതൻ, പി.പ്രേമകുമാരി എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Post a Comment