കുഞ്ഞിന്റെ മരണവും ഡോക്ടർക്ക് നേരെ അക്രമവും; നീതി തേടി കുഞ്ഞിന്റെ മാതാവ്, സമരം പ്രഖ്യാപിച്ച് ഡോക്ടർമാർ


കോഴിക്കോട്: പ്രസവത്തിനിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും നേരെയുണ്ടായ ആക്രമണങ്ങൾ പുതിയ വഴിത്തിരിവിലേക്ക്. ഡോക്ടറെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 17 മുതൽ സംസ്ഥാന വ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. അതേസമയം നീതി തേടി കുഞ്ഞിന്റെ മാതാവ് ഹാജറ നജയും കുടുംബവും ഫാത്തിമ ഹോസ്പിറ്റലിന് മുമ്പിൽ ഇന്നലെ സമരം നടത്തി. സമരം സൂചന മാത്രമാണെന്നും കുറ്റക്കാരായ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ നടപടി എടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കുടുംബം വ്യക്തമാക്കി. 




അതിനിടെ കുഞ്ഞിന്റെ മാതാവ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം ബന്ധുക്കൾ നൽകിയ പരാതിയിൽ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് യുവതി കമ്മിഷണർക്ക് മുന്നിൽ പരാതിയുമായി എത്തിയത്. പരാതി സ്വീകരിച്ച പൊലീസ് വൈകിട്ടോടെ ഹാജറ നജയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഫാത്തിമ ഹോസ്പിറ്റലിനു മുന്നിൽ നടത്തിയ സമരത്തിൽ ഹാജറ നജയുടെ ബന്ധുക്കളും നാട്ടുകാരും മനുഷ്യാവകാശ പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു.

ഫെബ്രുവരി 25നാണ് കുന്ദമംഗലം വരട്ടിയാക്കൽ ഹാജറ നജ പ്രസവത്തിനായി ആശുപത്രിയിൽ എത്തുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ മൂന്നുമണിക്കൂറോളം കിടത്തിയ യുവതിക്ക് മതിയായ പരിചരണമൊന്നും കിട്ടിയില്ല. തുടർന്ന് ബന്ധുക്കൾ ബഹളം വച്ചപ്പോഴാണ് സിസേറിയന് വിധേയമാക്കിയത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായ സാഹചര്യത്തിലാണ് കൈയാങ്കളിയുണ്ടായതെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു.
ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ.പി.കെ.അശോകനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ സഹോദരനും അമ്മാവനുമടക്കം മൂന്നുപേരാണ് അറസ്റ്റിലായത്.


Post a Comment

Previous Post Next Post
Paris
Paris