ബ്രഹ്മപുരം തീപ്പിടിത്തം പ്രത്യേകസംഘം അന്വേഷിക്കും, ആര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നമില്ല- മുഖ്യമന്ത്രി

 തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനില്‍ കേസ് പോലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രഹ്മപുരം പ്ലാന്റിന്റെ ആരംഭം മുതലുള്ള എല്ലാ നടപടികളും സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.




മാര്‍ച്ച് 13-ഓടുകൂടി ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണയ്ക്കാനായി. എന്നാല്‍ ചെറിയ തീപിടിത്തങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തുടര്‍ന്നും ജാഗ്രതയും മുന്‍കരുതലും പുലര്‍ത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. തീ അണയ്ക്കാന്‍ പ്രവര്‍ത്തിച്ച അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ പ്രത്യേകം അഭിനന്ദിച്ച മുഖ്യമന്ത്രി തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളും ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനായി സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും സഭയില്‍ പറഞ്ഞു.

 തീപിടുത്തമുണ്ടായതു മുതല്‍ സര്‍ക്കാര്‍, ജില്ലാ ഭരണസംവിധാനം, കൊച്ചി കോര്‍പറേഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. വേര്‍തിരിക്കാതെ നിരവധി വര്‍ഷങ്ങളായി നിക്ഷേപിച്ചിട്ടുള്ള മാലിന്യത്തിനാണ് തീപിടിച്ചത്. മാലിന്യം പല അടുക്കുകളായി ഉണ്ടായിരുന്നതും തീ ആറ് മീറ്ററോളം ആഴത്തില്‍ കത്തിയതും അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. തീയണക്കുന്നതിന് വിവിധ കോണുകളില്‍ നിന്നുള്ള വിദഗ്ദ്ധാഭിപ്രായം സര്‍ക്കാര്‍ നിരന്തരം തേടിക്കൊണ്ടിരുന്നു. കൃത്രിമ മഴ, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ പ്രയോഗം എന്നിങ്ങനെ ജനപ്രതിനിധികളില്‍ ചിലര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയുണ്ടായെങ്കിലും പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. മാലിന്യം ഇളക്കിമറിച്ച ശേഷം വെള്ളം പമ്പുചെയ്ത് തീയണയ്ക്കുന്ന രീതിയാണ് ബ്രഹ്മപുരത്ത് അവലംബിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലഭ്യമായ കണക്കനുസരിച്ച് തീപ്പിടിത്തത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട 1,335 പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ വൈദ്യസഹായം തേടിയത്. 128 പേര്‍ 10 വയസ്സില്‍ താഴെയുള്ള കുട്ടികളും 262 പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. 21 പേര്‍ക്കാണ് കിടത്തി ചികിത്സ ആവശ്യമായിവന്നത്. അതേസമയം, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ആര്‍ക്കുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്മപുരത്ത് 350 കോടി രൂപ ചിലവില്‍ വെസ്റ്റ് - റ്റു - എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2018 -ല്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ ജി.ജെ ഇക്കോ പവര്‍ എന്ന കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കരാര്‍ നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പണി ആരംഭിക്കാനോ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനോ കഴിയാതെവന്നതിനാല്‍ 2020 -ല്‍ കരാര്‍ റദ്ദാക്കി. പുതിയ കരാര്‍ നല്‍കുന്നതിനുള്ള തര്‍ക്കങ്ങള്‍ കൊച്ചി കോര്‍പ്പറേഷനില്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതി വൈകുകയാണ്. എങ്കിലും അടുത്ത 2 വര്‍ഷത്തില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris