ഡോക്ടറെ മർദ്ദിച്ച സംഭവം: ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും


കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഐ.എം.എ കോഴിക്കോട് ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഡോക്ടർമാർ ഒ.പി ബഹിഷ്കരിക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും ഒഴിവാക്കും. കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ.പി ബഹിഷ്കരണം.




സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കുന്നതെന്നും മർദ്ദനത്തിൽ നടപടിയില്ലെങ്കിൽ അനശ്ചിതകാല സമരം നടത്തുമെന്നും ഐ.എം.എ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ.വേണുഗോപാലൻ, സെക്രട്ടറി ഡോ.സന്ധ്യ കുറുപ്പ് എന്നിവർ അറിയിച്ചു. സമരത്തിന് കെ.ജി.എം.ഒ.എ പിന്തുണ അറിയിച്ചതായി ഐ.എം.എ ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡോ.വി.ജി.പ്രദീപ് കുമാർ, ഡോ.പി.എൻ.അജിത, ഡോ.മിലി മണി, ഡോ.അനീൻ എൻ.കുട്ടി, ഡോ.അനിത അശോകൻ, രജീഷ് എന്നിവരും പങ്കെടുത്തു. അതേസമയം ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കുന്ദമംഗലം സ്വദേശികളായ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു.

ഒരാഴ്ച മുമ്പ് ഫാത്തിമ ആശുപത്രിയിൽ കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ചിരുന്നു. ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. യുവതിയുടെ സി.ടി സ്കാൻ ഫലം വെെകുന്നുവെന്നും ആശുപത്രി അധികൃതർ കുഞ്ഞിന്റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ച് പതിനഞ്ചോളം വരുന്ന സംഘം ആശുപത്രിയിൽ അതിക്രമിച്ച് കടന്ന് ചില്ലുകളും മറ്റും അടിച്ച് തകർക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെയാണ് ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ.പി.കെ.അശോകന് മർദ്ദനമേറ്റത്.



Post a Comment

Previous Post Next Post
Paris
Paris