കോഴിക്കോട് : ഹർഷീനയുടെ സത്യാഗ്രഹം ഏഴാംദിവസത്തിലേക്ക് നീങ്ങുമ്പോൾ ഇന്ന് മെഡിക്കൽകോളേജിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെത്തുന്നു. മെഡിക്കൽകോളേജ് അത്യാഹിത വിഭാഗത്തിന്റെ ആധുനിക കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായിവിജയനും ചടങ്ങിൽ അദ്ധ്യക്ഷയായി ആരോഗ്യമന്ത്രി വീണാ ജോർജും എത്തുന്നത്. മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി മൻസൂഖ് മാണ്ഡവ്യയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. വൈകീട്ട് അഞ്ചിനാണ് പരിപാടി.
അഞ്ചു ദിവസം നിരാഹാര സമരവും രണ്ടു ദിവസമായി സത്യാഗ്രഹവും നടത്തുന്ന ഹർഷീനയുടെ പ്രശ്‌നത്തിൽ എന്തെങ്കിലും ഇടപെടലുകളുണ്ടാവുമോയെന്നാണ് ജനം ചോദിക്കുന്നത്.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കോഴിക്കോട് മെഡിക്കൽ കോളജിലെത്തുമ്പോൾ തന്റെ നീതിയുടെ കാര്യത്തിൽ പ്രതീക്ഷയുണ്ടെന്ന് ഹർഷീന പറഞ്ഞു. രണ്ടുമാസമായിട്ടും നേരിട്ട് വിളിച്ചിട്ട് കിട്ടാത്ത ആരോഗ്യമന്ത്രിയെ കാണണമെന്ന് ആഗ്രഹിക്കുന്നു. അന്വേഷണറിപ്പോർട്ടിനെക്കുറിച്ചും കൂടുതൽ അന്വേഷണം എന്താണെന്നും നേരിട്ട് ചോദിക്കണമായിരുന്നു. അതിനുള്ള അവസരം ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഹർഷീന പറഞ്ഞു.
അതിനിടെ മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിന് മുമ്പിൽ തുടങ്ങിയ സമരം ഇന്നലെ മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ മെഡിക്കൽകോളേജ് പ്രധാന കവാടത്തിന് മുന്നിലേക്ക് മാറ്റി. ഹർഷീനയുടെ വയറിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽകോളജിലേതല്ലെങ്കിൽ അത് എവിടെ നിന്ന് വന്നു എന്നത് തെളിയിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. കത്രിക എവിടത്തേതായാലും കിട്ടിയത് ഹർഷീനയുടെ വയറ്റിൽ നിന്നാണ്. അതും മെഡിക്കൽകോളേജിൽ സർജറിക്ക് വിധേയമാക്കിയപ്പോൾ. അതുകൊണ്ടുതന്നെ അത് എവിടുന്ന് സംഭവിച്ചതാണെന്ന് പറയാനുള്ള ബാദ്ധ്യതയും സർക്കാരിനും ആരോഗ്യമന്ത്രിക്കുമുണ്ടെന്നും പ്രവീൺകുമാർ പറഞ്ഞു.
Post a Comment